ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല...
ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം.
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം.
ഷാര്‍ജയിലുളള 'ആബ്‌കോ' ടവറിലാണ് ല്‍ വന്‍ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല എന്നാണു പ്രാഥമിക വിവരം. ഒന്‍പത് പേര്‍ക്ക് സാരമല്ലാത്ത പരിക്കുകളുണ്ടെന്നും ഇവര്‍ക്ക് കെട്ടിടപരിസരത്ത് വച്ചുതന്നെ ആവശ്യമായ ചികിത്സ ലഭിച്ചുവെന്നും ഷാര്‍ജ സിവിള്‍ ഡിഫന്‍സ് ഡയറക്ടര്‍ ഖാമിസ് അല്‍ നഖ്‌ബി പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്ഷ പ്രവര്‍ത്തനം തുടരുകയാണ്. മിന, അല്‍ നഹ്ദ എന്നിവിടങ്ങളിലെ അഗ്നിശമന വിഭാഗങ്ങളിലെ സിവിള്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ് തീയണയ്ക്കാനായി കെട്ടിടത്തിലേക്ക് എത്തിയത്. കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
കെട്ടിടത്തിന്‍റെ പത്താം നിലയില്‍ ചൊവാഴ്ച രാത്രി 9.04നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്,. തീപിടുത്തത്തിന്‍റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 2006ല്‍ നിര്‍മിച്ച ടവറില്‍ ആകെ 45 നിലകളാണുള്ളത്. ഇതില്‍ 36 നിലകളില്‍ ആള്‍താമസമുണ്ട്. ഓരോ നിലയിലും 12 ഫ്ളാറ്റുകളാണ് ഉള്ളത്.
ചെറിയ തോതിലാണ് തീപിടിത്തം ആരംഭിച്ചതെങ്കിലും പെട്ടെന്ന് ആളിപ്പടരുകയായിരുന്നെന്ന്
ദൃക്‌സാക്ഷികള്‍ പറഞ്ഞു.