റിയാദ്: സൗദി അറേബ്യയിൽ വിവിധ മേഖലകൾ സ്വദേശിവൽക്കരിക്കുന്നു. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും. ആറ് തൊഴിൽ മേഖലകളിൽ കൂടിയാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. ഗതാഗതം, വ്യോമയാനം, തപാൽ സേവനങ്ങള്‍, പാഴ്സൽ ഗതാഗതം, ഉപഭോക്തൃ സേവന ജോലികൾ, ഒപ്റ്റിക്കൽസ് അടക്കമുള്ള വിവിധ മേഖലകളാണ് സൗദിയിൽ സ്വദേശിവൽക്കരിക്കുന്നത്. സാമ്പത്തിക മേഖലയിലെ സെയിൽസ് ഔട്ട്ലെറ്റുകളിലെ തസ്തികകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളായാണ് സ്വദേശിവൽക്കരണം നടപ്പാക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണ് പുതിയ തീരുമാനങ്ങൽ പ്രഖ്യാപിച്ചത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ സ്വദേശിവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തവും  സംഭാവനകളും വർധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവതി യുവാക്കൾക്ക് കൂടുതൽ അവസരങ്ങള്‍ നൽകുന്നതിനാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഇതിലൂടെ 33,000 ലേറെ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

 Read Also: മത്സ്യക്കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്


ലൈസൻസുള്ള വ്യോമയാന മേഖലയിലെ തൊഴിലുകളിൽ രണ്ട് ഘട്ടങ്ങളിലായാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ആദ്യഘട്ടം 2023 മാർച്ച് 15നാണ് ആരംഭിക്കുക. സഹ പൈലറ്റ്, എയര്‍ കണ്‍ട്രോളര്‍, എയര്‍ ഡെസ്പാച്ചര്‍ എന്നീ തസ്തികളില്‍ 100 ശതമാനവും സൗദികള്‍ക്ക് മാത്രമാക്കും. ഇതിനു പുറമെ, ഏവിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് തസ്തികയിലെ 60 ശതമാനം ജോലികളും  എയര്‍ ഹോസ്റ്റസ് തസ്തികയില്‍ 50 ശതമാനം ജോലികളും ആദ്യ ഘട്ടത്തില്‍ സൗദികള്‍ക്ക് സംവരണം ചെയ്യും. രണ്ടാംഘട്ടം 2024 മാര്‍ച്ച് നാല് മുതലാണ് ആരംഭിക്കുക. 


ഈ ഘട്ടത്തില്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് മേഖലയില്‍ 70 ശതമാനവും എയര്‍ ഹോസ്റ്റസ് തസ്തികയില്‍ 60 ശതമാനവും സ്വദേശിവത്കരിക്കും. ഈ മേഖലയിലെ തൊഴിലുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. ഈ മേഖലയിലെ ജീവനക്കാര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നേടേണ്ടതുണ്ടെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 18 മുതലാണ് ഒപ്റ്റിക്കൽ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുക.

Read Also: സിനിമാ താരങ്ങൾക്കും പ്രമുഖർക്കും മാത്രമല്ല ഗോൾഡൻ വിസ; യുഎഇയുടെ ആദരം ഏറ്റുവാങ്ങി മലയാളി വിദ്യാർത്ഥിനി


നാലോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന സൗദിയിലെ എല്ലാ ഒപ്റ്റിക് സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർ സ്വദേശികളാവണമെന്നാണ് പുതിയ വ്യവസ്ഥ. മോട്ടോർ വാഹനങ്ങളുടെ പതിവ് ടെക്നിക്കൽ ഇൻസ്പെക്ഷൻ മേഖലയിൽ രണ്ട് ഘട്ടങ്ങളിലായാണ് സ്വദേശിവല്‍ക്കരണം നടക്കുക. ആദ്യ ഘട്ടം 50 ശതമാനവും രണ്ടാം ഘട്ടം 100 ശതമാനവും ജോലികൾ സ്വദേശിവൽക്കരിക്കും. തപാൽ, പാഴ്സൽ ഡെലിവറി മേഖലയിൽ 14 ജോലികളാണ് സ്വദേശിവൽക്കരണ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നത്. 2022 ഡിസംബർ 17 മുതൽ തന്നെ ഈ ജോലികളിൽ സ്വദേശിവൽക്കരണം നിലവിൽ വരും. 


ഉപഭോക്തൃ സേവന മേഖലയിൽ 100 ശതമാനമായിരിക്കും സ്വദേശിവൽക്കരണമെന്നും മന്ത്രാലയം അറിയിച്ചു. സൗദിയിൽ മാളുകളിലും സൂപ്പർമാര്‍ക്കറ്റുളിലും നേരത്തെ നടത്തിയ സ്വദേശിവൽക്കരണം മൂലം തന്നെ മലയാളികൾ ഉൾപ്പടെയുള്ള നിരവധി പ്രവാസികൾക്കാണ് ജോലി നഷ്ടമായത്. പുതിയ ആറ് തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം കൊണ്ടുവരുന്നതോടുകൂടി ഇനിയും പ്രവാസികൾക്ക് തൊഴില്‍ നഷ്ടമാകും. പ്രവാസികൾ നടത്തുന്ന സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ ശമ്പളം സ്വദേശികൾക്ക് നൽകേണ്ടി വരും. ഇത് കൂടുതൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ