റിയാദ്: സൗദിയില്‍ പരിഷ്‌ക്കരിച്ച നിതാഖാത്ത് രണ്ടാഴ്ചക്കകം പ്രഖ്യാപിക്കും. പ്രഖ്യാപനത്തോടൊപ്പം തന്നെ നടപ്പിലാക്കുന്ന ദിവസവും അറിയിക്കും. നേരത്തെ സൗദി ജീവനക്കാരുടെ എണ്ണമായിരുന്നു നിതാഖാത്തില്‍ അവലംബിച്ചിരുന്നതെങ്കില്‍ അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരിഷ്‌ക്കരിച്ച നിതാഖാത്തില്‍ സൗദിവത്ക്കരണത്തിന്റെ തോത്  കണക്കാക്കുക. സ്ഥാപനത്തിലെ സൗദി ജീവനക്കാരുടെ ശമ്പളം, തൊഴില്‍ സ്ഥിരത, ഉയര്‍ന്ന ശമ്പളം പറ്റുന്ന ജീവനക്കാരില്‍ സൗദികളുടെ എണ്ണം, വനിതാവത്ക്കരണ അനുപാതം, സൗദിവത്ക്കരണ തോത് എന്നിവയാണു അഞ്ച് ഘടകങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദിവത്ക്കരണം കണക്കാക്കാന്‍ അവലംബിക്കുന്ന അഞ്ച് ഘടകങ്ങള്‍ക്കും പ്രത്യേക പോയിന്റ് നല്‍കുന്ന രീതിയാണു പരിഷ്‌ക്കരിച്ച നിതാഖാത്തില്‍ അവലംബിക്കുക. 1000 പോയിന്റ് സൗദിവത്ക്കരണത്തിനു നല്‍കുമ്പോള്‍ സൗദികളുടെ ശരാശരി വേതനത്തിനു 270 പോയിന്റും വനിതാവത്ക്കരണത്തിനു 200 പോയിന്റും തൊഴില്‍ സ്ഥിരതക്ക് 100 ഉം ഉയര്‍ന്ന വേതനത്തിനു 10 പോയിന്റുമാണു നല്‍കുക. കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങളും വര്‍ധിക്കും.


അതേ സമയം സൗദി യുവതി, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഊര്‍ജിത നടപടികളുമായി തൊഴില്‍ വകുപ്പ് മുന്നോട്ടു പോകുന്നുണ്ട് . വ്യത്യസ്തമായ പദ്ധതികളാണ് ഇതിനായി തൊഴില്‍, സാമൂഹിക മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. മാനവ വിഭവശേഷി വകുപ്പും സാങ്കേതിക പരിശീലന വിഭാഗവും സംയുക്തമായാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. തങ്ങളുടെ കഴിവും യോഗ്യതക്കുമനുസരിച്ച തൊഴിലുകള്‍ കണ്ടത്തെുന്നതിന് തൊഴില്‍ വകുപ്പിന് കീഴില്‍ തുടങ്ങിയ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ 35000 ഉദ്യോഗാര്‍ഥികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്


 വിദേശികളുടെ ആധിപത്യമുള്ള മേഖലകളില്‍ ഘട്ടം ഘട്ടമായി സ്വദേശികളെ നിയമിക്കാനാണ് ഇത്തരം പദ്ധതികളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ജോലി എന്ന ലക്ഷ്യത്തോടെ തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച സാമൂഹിക സംവാദം എന്ന പരിപാടിയും ശ്രദ്ധേയമായ ചുവടുവെപ്പാണ്. റിയാദില്‍ സമാപിച്ച ഈ പരിപാടിയില്‍ വന്‍കിട കമ്പനികളുടെ പ്രതിനിധികളും നിരവധി തൊഴിലന്വേഷകരും പങ്കെടുത്തു. വിഷന്‍ 2030ന്‍റെ  ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഏത് മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ശില്‍പശാല സമാപിച്ചത്.


ജൂണ്‍ മുതല്‍ മൊബൈല്‍ കടകളില്‍ പകുതി ജീവനക്കാരും സൗദികളാവണമെന്ന നിയമം നടപ്പാക്കാനുള്ള തീവ്ര യജ്ഞ പരിപാടികളും തൊഴില്‍ വകുപ്പിന് കീഴില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.വീണ്ടും നിതാഖത്ത് പ്രഖ്യാപിക്കുന്നതോടെ തൊഴിലില്ലാത്ത പൗരന്‍മാരുടെ എണ്ണം ഇനിയും കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.നിതാഖാത്ത് പിന്നെയും നടപ്പിലാക്കുന്നതോടെ കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് അഭിമുഖീകരിക്കാനിരിക്കുന്നത്