Hajj Pilgrimage: ഹജ്ജിന് ഈ വർഷം 10 ലക്ഷം പേരെ സ്വീകരിക്കും: 65 വയസിന് താഴെയുള്ളവർക്ക് മാത്രം അനുമതി
പുണ്യ യാത്രയായ ഹജ്ജ് തീർത്ഥാനടത്തിന് ഈ വർഷം 10 ലക്ഷം പേർക്ക് അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. കോവിഡ് കാലഘട്ടത്തിന് ശേഷം ആദ്യമായാണ് ഇത്രയും വിശ്വാസികളെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്.
ജൂലൈയിൽ നടക്കുന്ന വാർഷിക ഹജ്ജ് തീർഥാടനത്തിനായി ഈ വർഷം പുണ്യ നഗരമായ മക്കയിലേക്ക് പോകാൻ സൗദി അറേബ്യ ഒരു ദശലക്ഷം വിദേശ, സ്വദേശ തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് രാജ്യത്തെ ഹജ്ജ്, ഉംറ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. അതേസമയം 65 വയസിനു താഴെ പ്രായമുള്ളവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി നൽകുക. വിപുലമായ സുരക്ഷാ സംവിധാനങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വിപുലമായ ഒരുക്കങ്ങൾ നടത്തുന്നതായി മന്ത്രാലയം അറിയിച്ചു.
72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അംഗീകൃതമായ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷനും ഉണ്ടായിരിക്കണം. ദശലക്ഷക്കണക്കിന് വിശ്വാസികളെ സാധാരണയായി രാജ്യത്തിലേക്ക് ആകർഷിക്കുന്ന തീർത്ഥാടനം സാധാരണ നിലയിലേക്കെത്തുന്നതിന്റെ സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. 2020-ൽ ഹജ്ജ് 1,000 ആഭ്യന്തര സന്ദർശകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 60,000 പേർക്കും തീര്‍ത്ഥാടന അനുമതി നൽകി.
Read Also: UAE Golden Visa: ചലച്ചിത്രതാരം ലാലു അലക്സിന് യുഎഇ ഗോൾഡൻ വിസ
തീർത്ഥാടകർ അവരുടെ ആരോഗ്യ കാര്യത്തിലും സുരക്ഷയിലും മതിയായ മുൻകരുതലുകൾ എടുക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം കർശന നിര്‍ദ്ദേശമാണ് നൽകുന്നത്. അതേസമയം ഉംറ തീർത്ഥാനടനം പുനരാരംഭിച്ചതിനു ശേഷം ആകെ 8.96 ലക്ഷം വിശ്വാസികൾ മക്ക, മദീന സന്ദർശിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കരമാർഗ്ഗവും കടൽമാർഗ്ഗവും വിശ്വാസികൾ മക്ക, മദീന സന്ദർശിച്ചിട്ടുണ്ടെന്നും 6.49 ലക്ഷം പേർ ഉംറ നിർവഹിച്ചതായും മന്ത്രാലയം അറിയിച്ചു. ഒപ്പം ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയിൽ ഇരു ഹറമുകളിലുമായി അഭൂതപൂർവമായ തിരക്കാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...