റിയാദ്: ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സൗദിയിലെത്തി. വന്‍ സ്വീകരണമാണ് പ്രധാനമന്ത്രിയ്ക്ക് വിമാനത്താവളത്തില്‍ ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സന്ദര്‍ശനത്തിന്‍റെ ഭാഗമായി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാനുമായും അദ്ദേഹം ചര്‍ച്ച നടത്തും.


നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജ മേഖലകളില്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.


റുപിയാ കാര്‍ഡിന്‍റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി ഇന്ന്‍ നിര്‍വഹിക്കും. സൗദി പ്രാദേശിക സമയം രാവിലെ പത്തര മുതല്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദുമായിട്ടായിരിക്കും ആദ്യ കൂടിക്കാഴ്ച. വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായാണ് രണ്ടാമത്തെ കൂടിക്കാഴ്ച. രാവിലെ 11 മണിക്ക് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുലൈമാന്‍ അല്‍ റാജി പ്രധാനമന്ത്രിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.


ഉച്ചക്ക് രണ്ടു മണിക്ക് സല്‍മാന്‍ രാജാവിനൊപ്പമാണ് ഉച്ചഭക്ഷണം. അതിനുശേഷമായിരിക്കും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനുപുറമേ തന്ത്ര പ്രധാന സഹകരണ കൗണ്‍സില്‍ കരാറും, കരാര്‍ കൈമാറ്റങ്ങളും നടക്കും.


വൈകീട്ട് അഞ്ചരക്ക് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതില്‍ യുഎസിലെ വന്‍കിട നിക്ഷേപ കമ്പനി ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ് സ്ഥാപകന്‍ റേ ഡാലിയോ സമ്മേളന വേദിയില്‍ മോദിയുമായി സംവദിക്കും. 


ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും ഭാവിയുമാണ് വിഷയം. ഇതിന് ശേഷം കിരീടാവകാശിയുമായി മോദി ചര്‍ച്ച നടത്തും.  ചര്‍ച്ചയ്ക്കുശേഷം അത്താഴവിരുന്നും കഴിഞ്ഞ് പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും.