ദോഹ: ഖത്തറിലും കുവൈറ്റിലും വേനൽ ചൂട് ശക്തമായ സാഹചര്യത്തിൽ പകൽ സമയത്ത് പുറം ജോലികൾ ചെയ്യിക്കുന്നതിന് നിയന്ത്രണങ്ങൾ നിലവിൽ വന്നു.  ഖത്തറിൽ പുറം തൊഴിലാളികൾക്കുള്ള ഉച്ച വിശ്രമനിയമം പ്രാബല്യത്തിൽ വന്നു. നിയമം പ്രാബല്യത്തിൽ വന്നതോടെ തൊഴിലിടങ്ങളിൽ ആരോഗ്യ ബോധവത്കരണത്തിനും തുടക്കമായി.  ഖത്തറിൽ തുറസ്സായ സ്ഥലളങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള സമയ നിയന്ത്രണം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.  വേനല്‍ക്കാലമായതിനാൽ ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിൽ പാടില്ലെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. 


COMMERCIAL BREAK
SCROLL TO CONTINUE READING

3.30ന് ശേഷമേ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടുള്ളു എന്നും നിയമത്തിൽ പറയുന്നു. സെപ്റ്റംബർ 15 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നല്ല രീതിയിൽ വായു സഞ്ചാരമില്ലാത്ത തണലുള്ള സ്ഥലങ്ങളിലെ ജോലികൾക്കും ഈ നിയന്ത്രണം ബാധമാണ്. വെയിലത്ത് ജോലി ചെയ്യേണ്ട വർക്ക് സൈറ്റുകളുള്ള കമ്പനികളും സ്ഥാപനങ്ങളും എല്ലാ തൊഴിലാളികൾക്കും കാണാൻ കഴിയും വിധം സമയ നിയന്ത്രണത്തെ കുറിച്ചുള്ള അറിയിപ്പ് പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി. 

Read Also: UAE Monkeypox cases: യുഎഇയിൽ നാല് മങ്കിപോക്സ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം


നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബർ ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന ആരംഭിച്ചു. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2021ലെ 17-ാം നമ്പർ ചട്ടപ്രകാരമാണ് ഖത്തറിൽ ഉച്ചവിശ്രമ നിയമം നിർബന്ധമാക്കിയത്. വേനൽക്കാലത്തെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. 


തൊഴിൽ മന്ത്രാലയത്തിലെ ലേബർ ഇൻസ്പെക്ഷൻ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ എല്ലാ തൊഴിലിടങ്ങളിലും വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകളെ സംബന്ധിച്ച് ബോധവൽക്കരണ ക്യാംപെയ്ൻ നടത്തുന്നുണ്ട്. സൂര്യപ്രകാശം നേരിട്ട് പതിക്കുമ്പോഴുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇവ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകളെക്കുറിച്ചും പുറം തൊഴിലാളികൾക്കിടയില്‍ ബോധവൽക്കരണം നടക്കുന്നുണ്ട്. ഉച്ചവിശ്രമ നിയമം പാലിക്കുന്നതിൽ കമ്പനികളുടെ ചുമതലകളെക്കുറിച്ച് കമ്പനി അധികൃതർക്കിടയിലും നിർദേശങ്ങൾ നൽകുന്നുണ്ട്. കുവൈറ്റിലും പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. 

Read Also: ഖത്തർ ലോകകപ്പിന് സുരക്ഷ ശക്തമാക്കാൻ ബ്രിട്ടീഷ് സൈന്യം എത്തിയേക്കും


ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് വിലക്ക്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് മാൻ പവർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ ആദ്യ തവണ മുന്നറിയിപ്പ് നൽകും.  നിയമലംഘനം  തുടർന്നാൽ ഓരോ തൊഴിലാളിക്കും കുറഞ്ഞത് നൂറ് ദിനാർ തോതിൽ പിഴ ഈടാക്കുമെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. നിയന്ത്രണം മൂലമുണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കാൻ രാവിലെയോ വൈകുന്നേരമോ അവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമയ്ക്ക് അനുമതിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.