സൗദിയില്‍ നഴ്സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍
റിയാദ്: സൗദിയില്‍ മലയാളി നഴ്സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി സര്‍ട്ടിഫിക്കറ്റില്‍ 'ഡിപ്ലോമ' എന്നു രേഖപ്പെടുത്തിയിരിക്കണമെന്നതാണ് പുതിയ നിയമഭേദഗതിയില്‍ പറയുന്നത്.
'ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ്' എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കൂവെന്നാണ് പുതിയ നിര്‍ദേശം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് പാസായ മലയാളി നഴ്‌സുമാരില്‍, 2005-നുമുന്‍പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇവരെയാണ് നിയമം ബാധിക്കുക.
സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇതു പ്രശ്‌നമാകും. 2005-നുമുന്‍പ് ജോലിക്കു കയറിയവരെ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. നിയമത്തില്‍ മന്ത്രാലയം ഉറച്ചുനിന്നാല്‍ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന ആശുപത്രി അധികൃതരും നഴ്‌സുമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
നിതാഖാത് ശക്തമാക്കുന്നതിന്‍റെ ഭാഗമാണ് ഈ നിയമവും. സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായാണ് മലയാളി നഴ്‌സുമാര്‍ സൗദിയില്‍ ജോലി തേടിയെത്തുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലൈസന്‍സും അനുവദിച്ചത്. മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്, വിഷയം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിസന്ധി രൂക്ഷമാകുന്നതിനുമുന്‍പ് സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.