മഞ്ഞിലും മഴയിലും മുങ്ങി ദുബായ്
കഴിഞ്ഞദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെയാണ് തണുപ്പുകൂടിയത്.
ദുബായ്: കൊടുതണുപ്പില്‍ വിറങ്ങലിച്ച് ദുബായ്. തണുപ്പു പിടിമുറുക്കിയ സാഹചര്യത്തില്‍ യുഎഇയില്‍ വരുംദിവസങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാലവസ്ഥ തെളിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണങ്കിലും രാജ്യത്ത് നല്ല തണുപ്പും, കാറ്റും അനുഭവപ്പെടുന്നതിനാല്‍ ക്രീക്കിലും പൊതുസ്ഥലങ്ങളിലും രാത്രികാലങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ഒരു സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ് ഇപ്പോള്‍ ദുബായില്‍.
കഴിഞ്ഞദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെയാണ് തണുപ്പുകൂടിയത്. മൂടിക്കെട്ടിയ കാലാവസ്ഥ മാറിയെങ്കിലും തണുപ്പ് തുടരുകയാണ്. വടക്കന്‍ എമിറേറ്റുകളില്‍ നാളെയും മറ്റന്നാളും നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും.
ചൊവ്വാഴ്ച വടക്കന്‍ മേഖലകളില്‍ ഇടിയോടെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. റാസല്‍ഖൈമയിലെ ഗ്രാമീണമേഖലകളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നു. വാദികളില്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടു. ഇവയ്ക്കരികില്‍ നിന്നു താമസക്കാര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജബല്‍ ജൈസ് മലനിരകളില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.
തണുപ്പുകാലത്ത് ഇതൊരു സാധാരണ പ്രതിഭാസമാണെന്ന് അധികൃതര്‍ പറഞ്ഞു. ഫുജൈറ, കല്‍ബ, ഖോര്‍ഫക്കാന്‍, ദിബ്ബ, റാസല്‍ഖൈമ മലയോരമേഖലകള്‍ എന്നിവിടങ്ങളിലും ശക്തമായ തണുപ്പാണ്.
ദംത, ദൈദ്, ഹമീം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം താപനില 6 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. തണുപ്പുമൂലം പ്രഭാതസവാരിക്കാരില്‍ വലിയൊരു വിഭാഗം അപ്രത്യക്ഷമായി. അവധി ദിവസങ്ങളില്‍ വീടിന് പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്നലെ അവധിയായിട്ടും പാതയോരങ്ങളിലും മറ്റും തിരക്കു കുറവായിരുന്നു.
നവംബര്‍ പകുതിയോടെയാണ് യുഎഇയിലെ കാലാവസ്ഥാ മാറ്റമെങ്കിലും വടക്കന്‍ എമിറേറ്റുകളിലൊഴികെ കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. കമ്പിളി വസ്ത്രങ്ങളുടെയും ജാക്കറ്റിന്റെയും വില്‍പന ഇത്തവണ കുറവാണെന്നു വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു.
തണുപ്പെത്തിയതോടെ ഇവയുടെ വില്‍പന കൂടി. തണുപ്പായതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷണസാധനങ്ങളുടെ കച്ചവടം കൂടി. വഴിയോരങ്ങളിലെ ഗ്രില്‍ഡ് ചിക്കനും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. എന്തായാലും വൈകിയെത്തിയ തണുപ്പ് പലരും ആസ്വദിക്കുകയാണ്.