ഒമാനില്‍ നിന്നും അബുദാബിയിലേക്ക് റെയില്‍പാത; ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു
ഈ കരാറിന് കീഴിൽ പുതിയ കമ്പനി അതിന്റെ സാമ്പത്തിക ഘടകങ്ങളും ഷെഡ്യൂളും ഉൾപ്പെടെ പദ്ധതിയുടെ അടിത്തറയും പ്രവർത്തന പദ്ധതിയും തയ്യാറാക്കുമെന്നും റെയിൽ ശൃംഖലയുടെ രൂപകൽപ്പന, വികസനം, പ്രവർത്തനം എന്നിവ കൈകാര്യം ചെയ്യുമെന്നും യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്
മസ്‌കറ്റ്: ഒമാനില്‍ നിന്നും അബുദാബിയിലേക്ക് റെയില്‍പാത വരുന്നു. ഇരുരാജ്യങ്ങളും ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയായത്. ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍ റഹ്മാന്‍ സാലിം അല്‍ ഹാത്മിയും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു.
ഈ കരാറിന് കീഴിൽ പുതിയ കമ്പനി അതിന്റെ സാമ്പത്തിക ഘടകങ്ങളും ഷെഡ്യൂളും ഉൾപ്പെടെ പദ്ധതിയുടെ അടിത്തറയും പ്രവർത്തന പദ്ധതിയും തയ്യാറാക്കുമെന്നും റെയിൽ ശൃംഖലയുടെ രൂപകൽപ്പന, വികസനം, പ്രവർത്തനം എന്നിവ കൈകാര്യം ചെയ്യുമെന്നും യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ചൊവ്വാഴ്ച ഒമാനിലെത്തിയതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. യുഎഇയും ഒമാനും തമ്മിൽ ഇതുവരെ 16 കരാറുകളിൽ ഒപ്പുവച്ചു. ഊർജം, ഗതാഗതം, ആശയവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്ര ഗതാഗതം, വ്യവസായത്തിലെ സഹകരണവും നിക്ഷേപവും എന്നീ മേഖലകളാണ് ഇവ.
Also Read: നബിദിനം ഒക്ടോബർ ഒൻപതിന്, ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
അതിവേഗ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയില്‍ 47 മിനിറ്റില്‍ യാത്ര ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയേയും സുഹാറിനേയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും വേഗത. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ വഴി സൊഹാറില്‍ നിന്ന് അബുദാബിയിലേക്ക് ഒരു മണിക്കൂര്‍ 40 മിനിറ്റിലെത്താനാകും. സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് 47 മിനിറ്റിലും എത്താനാകും.
Also Read: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!
ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയാകും റെയില്‍വേ ശൃംഖലയുടെ നടത്തിപ്പും പ്രവര്‍ത്തനവും നിയന്ത്രിക്കുകയെന്നാണ് റിപ്പോർട്ട്. യുഎഇ റെയില്‍വേ ശൃംഖലയെ സുഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രദേശിക തലങ്ങളില്‍ വ്യാപാരം സുഗമമാകുമെന്നും പ്രതീക്ഷയുണ്ട്. അതുപോലെ ഒമാനും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കരാര്‍ വഴിയൊരുക്കുമെന്ന് ഷാദി മാലക് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...