`ദേര`യുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഇനി ഈ മൂന്നുപേരിൽ ആർക്ക്?
'ബലാൽസംഗവീരൻ സ്വാമി' അറസ്റ്റിലായതോടെ ലോകം മുഴുവൻ ഉറ്റു നോക്കുന്നത് 'ദേരാ'യെ ഇനി ആര് ഭരിക്കുമെന്നാണ്. അതിലേറെ, ദേരായുടെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശി ആരെന്ന ചോദ്യവും അവിടെ മുഴങ്ങുന്നുണ്ട്. പത്തു വർഷങ്ങൾക്ക് മുൻപേ ബലാൽസംഗ ആരോപണം ഗുർമീതിനെതിരെ വന്നപ്പോൾ മകൻ ജസ്മീത് സിംഗ് ഇൻസാനെയാണ് ഇയാൾ പിന്തുടർച്ചാവകാശിയായി നിർദേശിച്ചിരുന്നത്
ഇന്ന് കാലം മാറി. 1948ൽ ഷാ മസ്താന ബലൂചിസ്ഥാനിയാണ് ദേരാ സ്ഥാപിക്കുന്നത്.രക്തബന്ധത്തിലുള്ള പിന്തുടർച്ചാവകാശം അല്ല അല്ലെങ്കിലും ദേരയുടെ ചരിത്രത്തിൽ കാണാൻ സാധിക്കുക.
കരുത്തുറ്റ രണ്ട് എതിരാളികളെയാണ് ജസ്മീതിന് ഈ മത്സരത്തിൽ നേരിടേണ്ടത്. ഇതിൽ ഒന്നാമത്തെ ആൾ 'പപ്പയുടെ മാലാഖ'എന്ന് സ്വയം വിളിക്കുന്ന ഹണിപ്രീത് ഇൻസാൻ തന്നെയാണ്. ഇരുപതു വർഷമായി ഗുർമീതിന്റെ നിഴലാണ് ഹണിപ്രീത്. ഇയാളുടെ സിനിമകളിലെയും അഭിനേത്രിയും സംവിധായികയുമൊക്കെ ആയിരുന്നു ഹണിപ്രീത്. അനിഷേധ്യമായ സ്വാധീനമാണ് ദേരായുടെ അനുയായികൾക്കിടയിൽ ഇവർക്ക് ഉള്ളത്. വിശ്വസ്തയായ അനുയായി എന്ന നിലയിൽ നിലവിൽ ദേരായുടെ സ്വത്തുക്കളുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നതും ഹണിപ്രീതാണ്. എന്നാൽ ഹരിയാന പോലീസ് ഇവർക്കെതിരെ പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസ് ആണ് ഇപ്പോൾ പ്രധാന പ്രശ്നമായി നിൽക്കുന്നത്. ഗുർമീതിനെ പഞ്ച്കുള കോടതിയിലേക്ക് കൊണ്ട് പോകും വഴി രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് ഇവർക്കെതിരെ കേസ് വന്നിരിക്കുന്നത്.
മറ്റൊരു പ്രധാന എതിരാളി ബ്രഹ്മചാരി വിപാസനയാണ്. മാനേജ്മെന്റ് സംഘത്തെ നയിക്കുന്നത് വിപാസനയാണ്. നമ്പാർദാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഗുർമീതിന്റെ അഭാവത്തിൽ ദേരായുടെ സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അനുമതി ഇവർക്കാണ് നൽകിയിരിക്കുന്നത്. അങ്ങനെയെങ്കിൽ അടുത്ത പിന്തുടർച്ചാവകാശിയായി വാഴാൻ മുപ്പത്തഞ്ചുകാരിയായ ഈ സന്യാസിനിയ്ക്കും സാധ്യത കൂടുതലുണ്ട്.
നിലവിൽ ദേരയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് ആർക്കും കൃത്യമായ അറിവില്ല. എന്നാലും ഇത് നൂറുകണക്കിന് കോടികൾ വരും എന്നാണ് പൊതുവെ പറയപ്പെടുന്നത്. സിർസയിലെ ആശ്രമ തലസ്ഥാനം തന്നെ എഴുന്നൂറ് ഏക്കറോളം വരും. ഇതിനുള്ളിൽ ഹോസ്പിറ്റൽ, ഷോപ്പിംഗ് കോംപ്ലക്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒളിമ്പിക് സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഓഡിറ്റോറിയം എന്നിവയെല്ലാം ഉണ്ട്. പോരാത്തതിന് പച്ചക്കറി കൃഷി, സ്വയം പര്യാപ്തമായ ഡയറി എന്നിവയും ഉണ്ട്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും പരന്നു കിടക്കുന്നതാണ് ആശ്രമത്തിന്റെ സ്വത്തുവകകൾ.
ഭാവിപരിപാടികൾ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ സാധ്യതയുള്ളവരിൽ ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് കോൺഗ്രസ് എംഎൽഎ ഹർമീന്ദർ സിംഗ് ജെസ്സിയുടേതാണ്. ഗുർമീതിന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് ഇയാളുടെ മകളെയാണ്. ഈ പ്രേത്യേക സാഹചര്യത്തിൽ നിരവധി ദിവസം ഇയാൾ സിർസയിൽ ചെലവഴിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
ദേരായിലെ ഈ പ്രേത്യേക സാഹചര്യം ലോകത്താദ്യമായി ഉടലെടുക്കുന്ന ഒന്നല്ല. നേതാവിന്റെ അഭാവത്തിൽ വംശപാരമ്പര്യം നിലനിർത്താനും പിന്തുടർച്ചാവകാശിയെ കണ്ടെത്താനും ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള ആശയകുഴപ്പങ്ങൾ എന്നും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൊല്ലുന്നതും ചാവുന്നതും പോലും പുത്തരിയല്ലാത്ത നാട്ടിലാണ് നാം ജീവിക്കുന്നത് എന്നതിനാൽ ഈ നാടകത്തിന്റെ ബാക്കി സ്റ്റേജിൽ തന്നെ കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു.