Coconut water: കരിക്കിൻവെള്ളം ആരോഗ്യഗുണങ്ങളാൽ സമ്പന്നം
തേങ്ങാവെള്ളം നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ ശരീരത്തിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. കരിക്കിൻവെള്ളത്തിൽ കലോറിയും പഞ്ചസാരയും കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും തേങ്ങാവെള്ളം സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാഘാതം, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മാരകമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാൻ ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.
തെറ്റായ ഭക്ഷണക്രമവും ജീവിതശൈലി ശീലങ്ങളും നമ്മുടെ ചർമ്മത്തിന് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് ഉറപ്പാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ശരീരത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ തേങ്ങാവെള്ളം സഹായിക്കുന്നു. മുഖക്കുരു തടയാനും തേങ്ങാവെള്ളം സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ തേങ്ങാവെള്ളം സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. തേങ്ങാവെള്ളം സ്വാഭാവിക മധുരമുള്ളതും ശക്തമായ ഇലക്‌ട്രോലൈറ്റുകളുടെ ഗുണം നിറഞ്ഞതുമാണ്. ഉയർന്ന പൊട്ടാസ്യമുള്ള ഈ പ്രകൃതിദത്ത പാനീയം പ്രമേഹരോഗികൾക്ക് നല്ലതാണ്. മറ്റ് കൃത്രിമ ജ്യൂസുകൾക്കുള്ള മികച്ച ബദൽ കൂടിയാണ് തേങ്ങാവെള്ളം.