ഡൽഹി-അയോധ്യ Bullet Train യാത്രാ സമയം 2 മണിക്കൂറായി കുറയ്ക്കുന്നു; അറിയാം സ്വപ്ന പദ്ധതിയെ കുറിച്ച്
നിലവിൽ ഡൽഹിയിൽ നിന്ന് അയോധ്യയിലേക്കുള്ള 670 കിലോമീറ്റർ ദൂരം റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ 14-15 മണിക്കൂർ വേണം. ഇത് ദൈർഘ്യമേറിയതും മടുപ്പിക്കുന്നതുമാണ്. ട്രെയിൻ യാത്രക്കാർ 10-18 മണിക്കൂർ യാത്ര ചെയ്താണ് പുണ്യഭൂമിയിലെത്തുന്നത്. എന്നാൽ 350 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിനിൽ യാത്രക്കാർക്ക് ഡൽഹിയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ അയോധ്യയിലെത്താം.
അയോധ്യയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന് വേണ്ടിയുള്ള സ്ഥലം ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് റെസിഡൻഷ്യൽ, റെയിൽ ലൈൻ അലൈൻമെന്റ് സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥർ എടുത്തിട്ടുണ്ട്.
നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ (എൻഎച്ച്എസ്ആർസി) ഡൽഹി-അയോധ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മേൽനോട്ടം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിർദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ സ്ഥലം.
ഡൽഹി മുതൽ അയോധ്യ വരെയുള്ള ബുള്ളറ്റ് ട്രെയിനിന് പുറമെ, ലോക ടൂറിസം ഭൂപടത്തിൽ അയോധ്യക്ക് മികച്ച സ്ഥാനം നൽകുന്ന മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ നിർമ്മാണവും കേന്ദ്രസർക്കാർ അതിവേഗം ആരംഭിച്ചു. ലക്നൗ-ഗോരഖ്പൂർ ബൈപാസിന് സമീപമാണ് റെയിൽവേ സ്റ്റേഷൻ.
നിലവിൽ, ബുള്ളറ്റ് ട്രെയിൻ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് പിന്നീട് പ്രസിദ്ധീകരിക്കും.