Diabetes: രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണോ? പുരുഷന്മാർ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് ലക്ഷണങ്ങൾ ഇവയാണ്
കൂടുതൽ തവണ മൂത്രമൊഴിക്കുന്നതും ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് നീക്കം ചെയ്യാനും മൂത്രത്തിലൂടെ പുറന്തള്ളാനും വൃക്കകൾ കൂടുതൽ പരിശ്രമിക്കേണ്ടതായി വരും.
അമിതമായ ദാഹം പ്രമേഹത്തിന്റെ ലക്ഷണമാണ്. ഗ്ലൂക്കോസ് പുറന്തള്ളുന്നതിൽ വൃക്കകളുടെ വർധിച്ച പ്രവർത്തനം കാരണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയുന്നു. ഇത് അമിതമായ ദാഹത്തിലേക്ക് നയിക്കും.
നിർജ്ജലീകരണം, ഉമിനീരിലെ ഉയർന്ന പഞ്ചസാര, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവ പ്രമേഹവുമായി ബന്ധപ്പെട്ട് വായിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വായ, നാവ്, മോണ എന്നിവയെ വിവിധ രോഗാവസ്ഥകൾ ബാധിച്ചേക്കാം.
ഡയബറ്റിസ് രോഗികളിൽ പലപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി ശരീരം വളരെയധികം ക്ഷീണിതമായി തോന്നുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്.
രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തിയേക്കാം. പ്രമേഹം വളരെ ഗുരുതരമാകുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുക. ഇത് പുരുഷന്മാരുടെ ലൈംഗികശേഷി കുറയുന്നതിന് കാരണമാകും.