Using Mobile In Toilet: ടോയ്‌ലെറ്റില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? പണി പാളും!
ടോയ്‌ലെറ്റ് സീറ്റിനേക്കാള്‍ 10 മടങ്ങ് വേഗത്തില്‍ മൊബൈല്‍ ഫോണിലൂടെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രക്തചംക്രമണം തകരാറിലാകും: മൊബൈല്‍ ഫോണുമായി ദീര്‍ഘനേരം ടോയ്‌ലെറ്റില്‍ ഇരിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം തകരാറിലാക്കും. രക്തം കട്ടപിടിക്കുന്ന ഡീപ് വെയ്ന്‍ ത്രോംബോസിസ് പോലെയുള്ള അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തെയും തകരാറിലാക്കും.
കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം: ടോയ്‌ലെറ്റുകളില്‍ പൊതുവേ വെളിച്ചം കുറവായിരിക്കും. ഇത് കാരണം മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചം കണ്ണുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. രാത്രികാലങ്ങളില്‍ ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് ഉറക്കത്തെ പോലും ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അര്‍ശസ്: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദീര്‍ഘനേരം ടോയ്‌ലെറ്റില്‍ ഇരിക്കുന്നവര്‍ക്ക് അര്‍ശസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘനേരം ടോയ്‌ലെറ്റില്‍ ഇരിക്കുന്നത് മലദ്വാരത്തിലെ നാഡികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അത് അര്‍ശസിന് വഴി വെയ്ക്കുകയും ചെയ്യും.
കഴുത്തിനും നടുവിനും വേദന: ടോയ്‌ലെറ്റില്‍ ദീര്‍ഘനേരം ചെലവിടുന്നത് ശരീരത്തിലെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. കാലുകളില്‍ മരവിപ്പ്, കഴുത്തിനും നടുവിനും വേദന എന്നിവ അനുഭവപ്പെടും. ഫോണ്‍ നോക്കി ഇരിക്കുമ്പോള്‍ ശരിയായ രീതിയിലായിരിക്കില്ല ശരീരത്തിന്റെ ഘടന. ഇതാണ് വേദന അനുഭവപ്പെടാന്‍ കാരണം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.