IFFK 2024: `അങ്കമ്മാൾ`: പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ
പെരുമാൾ മുരുകന്റെ 'കൊടിത്തുണി' എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം, ആന്തരിക ബന്ധങ്ങളുടെ സങ്കീർണതകൾ, പ്രതീക്ഷകൾ, സമൂഹിക പരിണാമത്തിൽ സ്ത്രീകളുടെ പങ്ക് എന്നിവയിലേക്കും കടക്കുന്നു.
1990-കളിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ലളിതമായ ഒരു കഥയിലൂടെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലേക്കു ചിത്രം കടന്നുചെല്ലുന്നു.
നഗരത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു യുവാവ് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോഴുള്ള സാഹചര്യങ്ങളുടെ സങ്കലനമാണ് ഈ സിനിമ. പാരമ്പര്യ മൂല്യങ്ങളും ആധുനിക രീതികളും തമ്മിലുള്ള അന്തരത്തെ ചിത്രം സൂക്ഷ്മമായി പര്യവേഷണം ചെയ്യുന്നു.
സംവിധാനത്തിലെ സൂക്ഷ്മതയാലും കഥാപാത്രങ്ങളുടെ ശക്തമായ പ്രകടനങ്ങളാലും ഇതിനകം ഏറെ പ്രശംസകൾ നേടിയ അങ്കമ്മാളിലെ ടൈറ്റിൽ വേഷം ചെയ്യുന്നതു ഗീത കൈലാസമാണ്.
സംവിധായകൻ വിപിൻ രാധാകൃഷ്ണന്റെ ആദ്യ സിനിമ കൂടെയാണ് അങ്കമ്മാൾ. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം മാമി ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.