Sanju Samson: നാണംകെട്ട റെക്കോര്‍ഡില്‍ എഴുതിത്തള്ളാന്‍ വരട്ടെ... ഇനി കാണാം സഞ്ജുവിന്റെ കളി
തുടര്‍ച്ചയായി രണ്ട് കളികളില്‍ ഡക്ക് ആയതിന്റെ നാണക്കേടില്‍ ആണ് സഞ്ജു സാംസണ്‍ ഇപ്പോള്‍. ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മാറ്റ് കുറയ്ക്കുന്നതാണ് തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍.
ഒരു നാണംകെട്ട റെക്കോര്‍ഡിനും സഞ്ജു സാംസണ്‍ ഇപ്പോള്‍ ഉടമയായിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും അധികം തവണ ഡക്ക് ആയ താരം എന്നതാണ് നാണംകെട്ട ആ റെക്കോര്‍ഡ്.
രണ്ടാം ടി20 യില്‍ ജാന്‍സന്റെ മൂന്നാം പന്തില്‍ ലെഗ് സ്റ്റംപ് തെറിച്ചായിരുന്നു സഞ്ജു പുറത്തായത്. മൂന്നാം ടി 20 യില്‍ ജാന്‍സന്റെ തന്നെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപ് തെറിച്ചാണ് പുറത്തായത്.
ബാക്ക് ടു ബാക്ക് സെഞ്ച്വറികള്‍ക്ക് ശേഷം ബാക്ക് ടു ബാക്ക് ഡക്ക് എന്നത് സംഭവിച്ചത് കാര്യം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ സഞ്ജു സാംസണെ ഇകഴ്ത്തിക്കാണിക്കാന്‍ ആകുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം.
ബംഗ്ലാദേശിനെതിരെയുള്ള സീരീസ് മാത്രം എടുത്ത് പരിശോധിച്ചാല്‍ ഇതിന് ഉത്തരം കിട്ടും. ആദ്യ കളിയില്‍ 29 റണ്‍സായിരുന്നു സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ 10 റണ്‍സും. എന്നാല്‍ മൂന്നാം മത്സരത്തില്‍ റെക്കോര്‍ഡ് സെഞ്ച്വറിയുമായിട്ടാണ് സഞ്ജു കണക്ക് തീര്‍ത്തത്.
ദക്ഷിണാഫ്രിയ്ക്കക്കെതിരെ ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ ഫോം എന്താണെന്ന് ലോകം കണ്ടതാണ്. 50 പന്തില്‍ പത്ത് സിക്‌സറുകളുടേയും 7 ബൗണ്ടറികളുടേയും അകമ്പടിയോടെയാണ് സഞ്ജു 107 റണ്‍സ് അടിച്ചെടുത്തത്.
എന്തായാലും നവംബര്‍ 15 ന് നടക്കുന്ന അവസാന ടി20 മത്സരം സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകം തന്നെയാണ്. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഫോം കണ്ടെടുത്തതോടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ.