Luxury foods: ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷ്യവസ്തുക്കളും അവയുടെ ഞെട്ടിപ്പിക്കുന്ന വിലകളും അറിയാം
ജപ്പാനിൽ നിന്നുള്ള വാഗ്യു ബീഫ് ലോകത്തിലെ ഏറ്റവും ചെലവേറിയ മാംസ ഭക്ഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കന്നുകാലികളെ വളർത്തുന്ന രീതിയാണ് ഈ ബീഫിന്റെ വില ഇത്രയും കൂടുതലാകാൻ കാരണം. പോത്തിനെ മസാജ് ചെയ്യുകയും ബിയർ നൽകുകയും ശാസ്ത്രീയ സംഗീതം കേൾപ്പിക്കുകയും ഒക്കെ ചെയ്താണ് വളർത്തുന്നത്. ഇത് മാംസത്തിന്റെ രുചിയും വർധിപ്പിക്കുന്നു. ഒരു പൗണ്ട് വാഗ്യു ബീഫിന് 200 ഡോളർ വരെ വിലവരും.
കുങ്കുമപ്പൂവ് ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമാണ്. കുങ്കുമപ്പൂവ് വിളവെടുക്കുന്നതിനുള്ള അധ്വാനം തീവ്രമായ പ്രക്രിയയാണ്. ഒരു ഗ്രാം കുങ്കുമപ്പൂ ലഭിക്കാൻ ഏകദേശം 150 പൂക്കൾ ആവശ്യമാണ്. ഒരു പൗണ്ട് കുങ്കുമപ്പൂവിന് 5000 ഡോളർ വരെ വിലവരും.
സിവെറ്റ് കോഫി എന്നും അറിയപ്പെടുന്ന കോപ്പി ലുവാക്ക് കാപ്പി, ഏഷ്യൻ പാം സിവെറ്റുകൾ തിന്ന് പുറന്തള്ളുന്ന ബീൻസിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബീൻസ് ശേഖരിച്ച് വൃത്തിയാക്കി വറുത്ത് പൊടിച്ചാണ് കാപ്പി ഉണ്ടാക്കുന്നത്. അപൂർവമായ പ്രക്രിയ ഈ കോഫിയെ വളരെയധികം ചെലവേറിയതാക്കുന്നു. ഒരു പൗണ്ട് കോപി ലുവാക്ക് കാപ്പിക്ക് 600 ഡോളർ വരെ വിലവരും.
ട്രഫിൾസ് ഭൂഗർഭത്തിൽ വളരുന്ന ഒരു തരം ഫംഗസാണ്. ഇറ്റാലിയൻ വൈറ്റ് ട്രഫിൾസ് അവയിൽ ഏറ്റവും അപൂർവവും ചെലവേറിയതുമായി കണക്കാക്കപ്പെടുന്നു. ഈ ട്രഫിളുകൾക്ക് വളരെ ആവശ്യക്കാരുണ്ട്. ഒരു പൗണ്ടിന് 5,000 ഡോളർ വരെ വിലവരും.
സ്റ്റർജൻ മുട്ടയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ആഡംബര ഭക്ഷണ വസ്തുവാണ് കാവിയാർ. ഇറാനിൽ നിന്നുള്ള അൽമാസ് കാവിയാർ ലോകത്തിലെ ഏറ്റവും ചെലവേറിയ കാവിയാർ ആയി കണക്കാക്കപ്പെടുന്നു. ഈ കാവിയാർ വെളുത്തതാണ്. ക്രീം, വെണ്ണ എന്നിവയുമായി സാമ്യമുള്ള രുചിയാണിതിന്. ഒരു കിലോഗ്രാം അൽമാസ് കാവിയാറിന് 25,000 ഡോളർ വരെ വിലവരും.