Kangana Ranaut on Tejasvi Yadav: അറ്റ്ലീസ്റ്റ് സ്വന്തം പാർട്ടിക്കാരയെങ്കിലും തിരിച്ചറിയണം ജീ...! ആളുമാറി സ്വന്തം പാർട്ടിയുടെ നേതാവിനെ രൂക്ഷമായി വിമർശിച്ച് കങ്കണ
ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് കങ്കണയുടെ നാക്കുളുക്കി സ്വന്തം പാർട്ടിക്കാരനെ പരസ്യമായി അധിക്ഷേപിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്.
മണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയാണ് താരം. തേജസ്വി യാദവിനെ ലക്ഷ്യം ഇട്ടുകൊണ്ട് തൊടുത്തുവിട്ട അമ്പുകൾ പേര് മാറി ബിജെപി നേതാവായ തേജസ്വി സൂര്യയിലേക്ക് എത്തുകയായിരുന്നു. യഥാർത്ഥത്തിൽ താരം ഉദ്ദേശിച്ചത് കോൺഗ്രസ് നേതാവായ തേജസ്വി യാദവിനെയാണ്. എന്നാൽ പേര് മാറി തേജസ്വി സൂര്യ എന്നായിരുന്നു കങ്കണ പറഞ്ഞത്.
പതിവ് ശൈലിയിൽ കത്തി കയറുകയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥിയായ കങ്കണ. കുടുംബ രാഷ്ട്രീയം ആയുധമാക്കി രാഹുൽ ഗാന്ധിയെയും ഇടത് സ്ഥാനാർത്ഥിയെയും കടന്നാക്രമിക്കവേയാണ് പണി കിട്ടിയത്.
''രാജകുമാരന്മാരുടെ ഒരു പാർട്ടിയുണ്ട് ചന്ദ്രനിൽ ഉരുളക്കിഴങ്ങ് വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽഗാന്ധി ആയാലും മീൻ തിന്നുന്ന തേജസ്വി സൂര്യ ആയാലും എന്ന പരാമർശമാണ് കങ്കണയെ ഇത്തവണ എയറിലാക്കിയിരിക്കുന്നത്. ഉദ്ദേശിച്ചത് തേജസ്വി യാദവിനെയാണ് എന്നാൽ പറഞ്ഞതോ സൂര്യയെയും.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് സ്ഥാനാർത്ഥി.ബിജെപിക്ക് പറ്റിയ സ്ഥാനാർത്ഥിയേയാ കിട്ടിയത് എന്നൊക്കെ സ്ഥാനാർത്ഥിക്കെതിരെ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ബിജെപിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാർത്ഥിയാണ് തേജസ്വി സൂര്യ. കങ്കണ ആളുമാറി സ്വന്തം പാർട്ടിക്കാരെ വിമർശിച്ച വീഡിയോ തേജസ്വി യാദവും ആരാണ് ഈ സ്ത്രീ എന്ന തലക്കെട്ടോടെ പങ്കുവെച്ചിട്ടുണ്ട്.. ഏതായാലും തിരഞ്ഞെടുപ്പിനിടെ വീണ്ടും എയറിലായിരിക്കുകയാണ് കങ്കണ.