CPM Candidate list: പരിചയ സമ്പന്നരെ കളത്തിലിറക്കി സിപിഎം; സ്ഥാനാർത്ഥി പട്ടിക കാണാം
യുഡിഎഫിന്റെ കയ്യിൽ നിന്നും വടകര മണ്ഡലം പിടിച്ചെടുക്കാൻ കെ. കെ ശൈലജയെയാണ് സി.പി.എം രംഗത്തിറക്കുന്നത്. വടകരയിൽ മറ്റു പേരുകൾ ഉയർന്നു വന്നെങ്കിലും കെ.കെ ശൈലജ എന്ന പേരിലേക്ക് എത്തുകയായിരുന്നു. വടകരയിൽ കെ മുരളീധരന് ഇത്തവണ പേരാട്ടം എളുപ്പമാകില്ല. ശൈലജയുടെ പേര് അന്തിമ മായതോടെ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി വടകര മാറി കഴിഞ്ഞു.
ബെന്നി ബെഹനാനെതിരെ ചാലക്കുടിയിൽ സി. രവീന്ദ്രനാഥിനെയാണ് സിപിഎം ഇറക്കുന്നത്. മുൻ മന്ത്രികൂടിയാണ് അദ്ദേഹം. മത്സരം അവിടെയും കടുക്കും.
ആലത്തൂരിൽ രമ്യാ ഹരിദാസിനെതിരെ മന്ത്രി കെ രാധാകൃഷ്ണനാണ് മത്സര രംഗത്തുള്ളത്. ക്ലീൻ ഇമേജുള്ള മന്ത്രിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇതിന് പിന്നിൽ.
ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയാണ് മത്സരിക്കുന്നത്.
കണ്ണൂരിലും ജില്ലാ സെക്രട്ടറിയെയാണ് മണ്ഡലം പിടിച്ചെടുക്കാൻ നിയോഗിച്ചിരിക്കുന്നത്. എം.വി ജയരാജൻ മത്സരിക്കാൻ എത്തുമ്പോൾ കണ്ണൂരിൽ തീ പാറും.
പൊന്നാനിയിൽ മുൻ ലീഗ് വിമതൻ കെ.എസ് ഹംസയാണ് സ്ഥാനാര്‍ത്ഥി.
ആലപ്പുഴയിൽ എ എം ആരിഫ് രണ്ടാം ഊഴത്തിനായി മത്സരിക്കും.
പാലക്കാട് എ വിജയരാഘവനെയാണ് മണ്ഡലം പിടിക്കാനുള്ള ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
മലപ്പുറത്ത് വി. വസിഫിനെയാണ് പാർട്ടി കളത്തിലിറക്കിയിരിക്കുന്നത്.
കാസർകോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനാണ് ഇടത് സ്ഥാനാർത്ഥി.
എറണാകുളത്ത് കെ.എസ്.ടി.എ നേതാവ് കെ.ജെ ഷൈനെയാണ് ഇത്തവണ കളത്തിൽ ഇറക്കുന്നത്.
കൊല്ലത്ത് എം മുകേഷ് മത്സരത്തിന് എത്തുമ്പോൾ നിലവിലെ എം.പിയും എം.എൽ.എയും തമ്മിലുള്ള മത്സരമാകും നടക്കുക. എൻ.കെ പ്രേമചന്ദ്രനാണ് മുകേഷിന്റെ എതിരാളി.
ഇടുക്കിയിൽ മുൻ എം.പി ജോയ്സ് ജോർജിന് ഒരിക്കൽ കൂടി അവസരം നൽകാനാണ് പാർട്ടിയുടെ തീരുമാനം.
പത്തനംതിട്ട പിടിച്ചെടുക്കാൻ തോമസ് ഐസക്കിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
കോഴിക്കോടും ഇത്തവണ തീപാറും പോരാട്ടമാകും നടക്കുക. എളമരം കരീമാണ് സിപിഎം സ്ഥാർത്ഥി. ഈ മാസം 26 സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.