Kerala Cricket League: ഇനി ക്രിക്കറ്റ് പൂരം; കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം
ആറരയ്ക്ക് നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ മുഖ്യാതിഥിയായി. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യൻ ഗായകൻ അരുൺ വിജയ് ആലപിച്ചു.
വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ പങ്കെടുത്തു. കായികകേളിയ്ക്ക് കലയുടെ നിറച്ചാര്‍ത്തേകുന്നതായിരുന്നു 60 കലാകാരന്മാർ ചേർന്നൊരുക്കിയ ദൃശ്യവിരുന്ന്.
തുടര്‍ന്ന് അബ്ദുൽ ബാസിത് നയിക്കുന്ന ട്രിവാൻഡ്രം റോയൽസും ബേസിൽ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേർസും തമ്മിലുള്ള മല്‍സരം നടന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്സും ഏറ്റുമുട്ടും. 6.45നുള്ള രണ്ടാമത്തെ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സും ട്രിവാന്‍ഡ്രം റോയസല്‍സും തമ്മിലാണ് കളി.
സെപ്റ്റംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17 ന് സെമി ഫൈനൽ. സെപ്റ്റംബർ 18 ന് നടക്കുന്ന ഫൈനലിൽ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും. മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
സ്റ്റാർ സ്പോർട്സിലും ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍കോഡിലും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.