Kriti Sanon Birthday: മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ച് കൃതി സനോൺ- താരത്തിന്റെ അഞ്ച് ശക്തമായ കഥാപാത്രങ്ങളെ പരിചയപ്പെടാം
2014-ൽ ടൈഗർ ഷ്രോഫിനൊപ്പം 'ഹീറോപന്തി' എന്ന ചിത്രത്തിലൂടെയാണ് കൃതി സനോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
'മിമി'യിലെ അഭിനയത്തിന് താരത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചു.
മിമി: നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്‌ത 'മിമി' മാതാപിതാക്കളാൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ കഥയാണ് പറയുന്നത്. വളർത്തമ്മയാണ് കുട്ടിയെ സംരക്ഷിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചിത്രം മറാത്തി ചിത്രമായ 'മാല ആയ് വ്ഹയ്ച്ചി'യുടെ റീമേക്കാണ്. പങ്കജ് ത്രിപാഠി, സായ് തംഹങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ബറേലി കി ബർഫി: 2017-ൽ പുറത്തിറങ്ങിയ ഈ ചിത്രം കൃതി സനോൻ, ആയുഷ്മാൻ ഖുറാന, രാജ്കുമാർ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു ഹിറ്റ് റൊമാന്റിക്-കോമഡി കഥയായിരുന്നു. പുരുഷാധിപത്യ സമൂഹത്തിന്റെ വിവാഹ നിയമങ്ങൾ പാലിക്കുന്നതിൽ വിശ്വസിക്കാത്ത ഒരു ടോംബോയിഷ് പെൺകുട്ടിയുടെ വേഷമാണ് കൃതി സനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അശ്വിനി അയ്യർ തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്.
ലൂക്കാ ചുപ്പി: ഇന്ത്യയിലെ ലിവ്-ഇൻ ബന്ധങ്ങൾ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഈ റൊമാന്റിക് കോമഡി ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. 2019-ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. കാർത്തിക് ആര്യനൊപ്പം കൃതി സനോൺ അഭിനയിച്ച ചിത്രത്തിൽ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏകദേശം 125 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നേടിയത്.
ഹീറോപന്തി: 2014-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ടൈഗർ ഷ്രോഫും കൃതി സനോണുമായിരുന്നു പ്രധാന താരങ്ങൾ. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമ്മിച്ചത്. ഈ റൊമാന്റിക്-ആക്ഷൻ ചിത്രം ടൈഗറിന്റെയും കൃതിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു. പ്രണയവിവാഹം കുറ്റകരമെന്ന് കരുതുന്ന കർക്കശവും യാഥാസ്ഥിതികവുമായ കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ കൃതി സനോൺ അവതരിപ്പിച്ചത്. ടൈഗർ ഷ്രോഫിന്റെ കഥാപാത്രവുമായി അവൾ പ്രണയത്തിലാകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പാനിപത്ത്: അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത 'പാനിപത്ത്' 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു. കൃതി സനോൻ, അർജുൻ കപൂർ, സഞ്ജയ് ദത്ത്, മോഹ്‌നിഷ് ബഹൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണിത്. പാനിപത്തിലെ ചരിത്രയുദ്ധത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു. പാർവതി ഭായ് എന്ന കഥാപാത്രത്തെയാണ് കൃതി സനോൺ അവതരിപ്പിച്ചത്. അവരുടെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.