കായിക മേഖലയിലെ ഓസ്കര്‍ ജേതാക്കള്‍!!
മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം ജാർഖണ്ഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'യുവ' നേടി. 15 വർഷങ്ങൾക്ക് മുന്‍പ് ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകൾ ഈ പുരസ്കാരം പങ്കിട്ടിരുന്നു.
ഫുട്ബോൾ താരങ്ങളായ ലൂക്കാ മോഡ്രിച്ചിനേയും കിലിയൻ എംബാപ്പെയെയും മറികടന്ന് സെര്‍ബിയയുടെ ടെന്നീസ് താരം നോവാക് ജോക്കോവിച്ച് മികച്ച പുരുഷ താരമായി.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം യുഎസ്എയുടെ ജിംനാസ്റ്റിക് താരം സൈമണ്‍ ബൈല്‍സ് സ്വന്തമാക്കി. അവസാന പട്ടികയിൽ ഇടം പിടിച്ചിട്ടും പലതവണ സൈമണിന്‍റെ കയ്യില്‍ നിന്നും വഴുതിപ്പോയ പുരസ്കാരമായിരുന്നു ഇത്.
നീണ്ട കാലം ആഴ്സണലിനെ പരിശീലിപ്പിച്ച ആഴ്സൺ വെങ്ങർക്ക് കായിക താരത്തിനുള്ള ആജീവാനന്ത പുരസ്കാരം ലഭിച്ചു.
മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം പരിക്ക് കാരണം ദീർഘനാൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന അമേരിക്കയുടെ ഗോൾഫ് താരം ടൈഗർ വുഡ്‌സ് നേടി. പരിക്കിനെ കൂടാതെ ഒട്ടേറ വിവാദങ്ങളിലും അകപ്പെട്ടിരുന്ന ടൈഗർ 80ാമത് പിജിഎ ടൂർണമെന്‍റിൽ ചാമ്പ്യനായാതോടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് നടത്തിയത്.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ചൈനയുടെ സിയാ ബോയു അസാധാരണ നേട്ടം കൈവരിച്ചതിനുള്ള ലോറിയസ് സ്വന്തമാക്കി. മുന്‍പ് നടത്തിയ ശ്രമത്തിനിടെ കാലുകള്‍ നഷ്ടപ്പെട്ട ബോയു നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എവറസ്റ്റ് കയറിയതും കീഴടക്കിയതും.
2018ലെ ശൈത്യകാല പാരാലി൦മ്പിക്സില്‍ നാല് സ്വര്‍ണം നേടിയ സ്ലോവാക്കിയൻ സ്കയർ ഹെൻറിയേറ്റ ഫാർകസോവ ഡിസെബിലിറ്റി അവാര്‍ഡ് സ്വന്തമാക്കി. മത്സരങ്ങളില്‍ ഹെൻറിയേറ്റയുടെ വഴിക്കാട്ടിയായിരുന്നത് നതാലിയ സബ്ടോവയായിരുന്നു.
മാരത്തണില്‍ ലോക റെക്കോര്‍ഡ് തിരുത്തിയ 33-കാരനായ കെനിയന്‍ താരം എലിയഡ് കിപ്ച്ചോഗെയാണ് അതിശയകരമായ നേട്ടത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്. രണ്ടുമണിക്കൂര്‍ ഒരു മിനിറ്റ് 39 സെക്കന്‍ഡില്‍ (2:01:39) ഓട്ടം പൂര്‍ത്തിയാക്കിയാണ് കിപ്ച്ചോഗെ റെക്കോഡ് സ്വന്തമാക്കിയത്.
കരിയറിൽ മികച്ച മുന്നേറ്റം നടത്തിയതിനുള്ള പുരസ്കാരം ഓസ്ട്രേലിയൻ ഓപ്പൺ കിരീട നേട്ടം സ്വന്തമാക്കിയ ജപ്പാന്‍റെ ടെന്നീസ് താരം നവോമി ഓസാക്ക നേടി.
2018 ഫുട്ബോൾ ലോകകപ്പ് നേടിയ ഫ്രഞ്ച് പടയാണ് മികച്ച കായിക ടീം.