Ratan Tata:`ഭാരതത്തിന്റെ രത്നം` വിടവാങ്ങി; അറിയാം രത്തൻ ടാറ്റയെന്ന വ്യവസായ വിപ്ലവത്തെ...
1937 ഡിസംബർ 28 ന് മുംബൈയിൽ നേവൽ ടാറ്റയുടെയും സുനി ടാറ്റയുടെയും മകനായി രത്തൻ നേവൽ ടാറ്റ ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം, മുത്തശ്ശി നവാഭായി ടാറ്റയാണ് അദ്ദേഹത്തെ വളർത്തിയത്.
മുംബൈയിലെ ക്യാമ്പിയൻ സ്കൂൾ, കത്തീഡ്രൽ സ്കൂൾ, ജോൺ കോനൻ സ്കൂൾ, ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂൾ എന്നിവിടങ്ങളിലാണ് രത്തൻ ടാറ്റ പഠിച്ചത്. 1962 അമേരിക്കയിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബിരുദം നേടി.
നാല് തവണ വിവാഹത്തിന് അടുത്തെത്തിയെങ്കിലും അദ്ദേഹം വിവാഹം കഴിച്ചില്ല. ലോസ് ഏഞ്ചൽസിൽ ജോലി ചെയ്യുന്നതിനിടെയാണ് താൻ പ്രണയത്തിലായതെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ 1962ലെ ഇന്ത്യ-ചൈന യുദ്ധം കാരണം കാമുകിയുടെ മാതാപിതാക്കൾ ഇന്ത്യയിലേക്ക് പോകാൻ അനുവദിച്ചില്ല.
1962 ൽ ടാറ്റ ഗ്രൂപ്പിൽ ചേർന്ന് ടാറ്റ സ്റ്റീലിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. തുടർന്ന് അദ്ദേഹം ടാറ്റ ബിസിനസ്സിനെ വിവിധ വഴികളിലൂടെ മുന്നോട്ട് കൊണ്ടുപോയി.
2009-ൽ, ടാറ്റ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ - ടാറ്റ നാനോ പുറത്തിറക്കി. വിപണിയിൽ ഒരു ലക്ഷം രൂപയായിരുന്നു കാറിന്റെ വില.
ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. 2000-ൽ ടാറ്റ 450 ദശലക്ഷം ഡോളറിന് അമേരിക്കയിലെ ടെറ്റ്ലി ടീയെ ഏറ്റെടുത്തു. വിഎസ്‌എൻഎൽ ഏറ്റെടുത്ത് ടാറ്റാ കമ്മ്യൂണിക്കേഷനെ ആഗോളമാക്കി. ദെയ്വൂ മോട്ടോഴ്സ്, ജാഗ്വാർ ലാൻഡ് റോവർ എന്നിവയും ഏറ്റെടുത്തു.
ആഗോള ഐടി വ്യവസായത്തിൽ ആധിപത്യം പുലർത്തിയിരുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ്, 2004 ൽ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ഒരു പൊതുമേഖലാ സ്ഥാപനമായി മാറി.
ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര, ദേശീയ പുരസ്കാരങ്ങൾ രത്തൻ ടാറ്റ നേടിയിട്ടുണ്ട്.
21 വർഷം ടാറ്റയുടെ തലപ്പത്തായിരുന്ന രത്തൻ ടാറ്റയുടെ 65% ഓഹരികളുടെ നിക്ഷേപം ചാരിറ്റബിൾ ട്രസ്റ്റുകളിലാണ്.