Mango: മാമ്പഴം ആരോഗ്യത്തിന് മികച്ചത്; ഇന്ത്യയിലെ ജനപ്രിയമായ വിവിധയിനം മാമ്പഴങ്ങൾ ഇവയാണ്

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ കൂടുതലായി കൃഷി ചെയ്യുന്ന മാമ്പഴ ഇനമാണ് തോതാപുരി. ഈ ഇനം മാമ്പഴം മധുരമല്ല, മറിച്ച് അൽപം പുളിപ്പ് ഉള്ളതാണ്. ഇത് അച്ചാറും ചട്ണിയും ഉണ്ടാക്കാനാണ് കൂടുതലായി ഉപയോഗിക്കുന്നത്. തോതാപുരി മാമ്പഴത്തിലെ ഉയർന്ന നാരുകൾ ദഹനത്തെ മികച്ചതാക്കാനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിന്റെ ചില ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നതാണ് സിന്ധുരി മാമ്പഴം. വളരെ മധുരമുള്ള മാമ്പഴ ഇനമാണിത്. സാധാരണയായി മെയ്, ജൂൺ മാസങ്ങളിലാണ് ഇവ ലഭ്യമാകുക. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഇവ. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അവ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ചില ഭാഗങ്ങളിൽ നിന്നാണ് കേസർ മാമ്പഴം ഉത്ഭവിച്ചത്. വില കണക്കിലെടുത്ത് പ്രീമിയം മാമ്പഴമായി ഇതിനെ തരംതിരിച്ചിട്ടുണ്ട്. മാമ്പഴത്തിന്റെ ഏറ്റവും ജനപ്രിയമായ ഇനങ്ങളിൽ ഒന്നാണിത്. ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന നാരുകളുടെ മികച്ച ഉറവിടമാണ് കേസർ മാമ്പഴം.
ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിലാണ് ബൈംഗനപള്ളി ഇനം മാമ്പഴം കൃഷി ചെയ്യുന്നത്. ഈ ഇനം മാമ്പഴത്തിന് മധുരമുള്ളതും നാരുകളില്ലാത്തതുമായ പൾപ്പ് ആണുള്ളത്. ബെംഗനപ്പള്ളി മാമ്പഴത്തിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ മാമ്പഴം പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്.
ദേവ്ഗഡ്-മഹാരാഷ്ട്ര, രത്നഗിരി എന്നിവിടങ്ങളിൽ നിന്നാണ് അൽഫോൻസോ മാമ്പഴം ഉത്ഭവിച്ചത്. അൽഫോൻസോ മാമ്പഴത്തെ എല്ലാ പഴവർഗങ്ങളിലും വെച്ച് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ മാമ്പഴങ്ങളിൽ ഒന്നാണിത്. അൽഫോൻസോ മാമ്പഴങ്ങളിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കാഴ്ചശക്തി നിലനിർത്തുന്നതിനും മികച്ച ചർമ്മം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.