Morbi Bridge Collapse: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണ് വൻ ദുരന്തം- ചിത്രങ്ങൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം പുനരുദ്ധാരണ പ്രവർത്തനം നടത്തിയ കരാറുകാരൻ പാലം വീണ്ടും തുറക്കുന്നതിന് മുമ്പ് സുരക്ഷാ സർട്ടിഫിക്കറ്റ് എടുത്തിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുത്തു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അഞ്ചംഗ ഉന്നതാധികാര സമിതി അന്വേഷിക്കുന്നുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി വ്യക്തമാക്കി.
മച്ചു നദിക്ക് കുറുകെയുള്ള പാലം അറ്റകുറ്റപ്പണികൾക്കായി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഗുജറാത്തി പുതുവർഷമായ ഒക്ടോബർ ഇരുപത്തിയാറിനാണ് ഇത് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
അപകടസമയത്ത് പാലത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ ഉണ്ടായിരുന്നു. 141 പേരാണ് മരിച്ചത്. തകർന്ന പാലത്തിൽ കുടുങ്ങിക്കിടന്നവരാണ് രക്ഷപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകൾക്ക് പുറമെ കര, നാവിക, വ്യോമ സേനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അഹമ്മദാബാദിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് അപകടം. ഛാത്ത് പൂജ ചടങ്ങുകൾ നടക്കുന്നതിനിടെ 150 വർഷം പഴക്കമുള്ള തൂക്കുപാലത്തിന്റെ കേബിളുകൾ പൊട്ടി മച്ചു നദിയിലേക്ക് പതിക്കുകയായിരുന്നു.
ഗുജറാത്തിലെ മോർബി നഗരത്തിലെ മച്ചു നദിയിലെ നൂറ്റാണ്ടോളം പഴക്കമുള്ള തൂക്കുപാലമാണ് ഞായറാഴ്ച വൈകുന്നേരം തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ 19 പേർ ചികിത്സയിലാണ്. രണ്ട് പേരെ കൂടി കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.