Odisha Train Accident: ഒഡിഷ ട്രെയിൻ അപകടം; ബാലസോറിൽ ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു- ചിത്രങ്ങൾ
അപകടസ്ഥലത്തെ പുനരുദ്ധാരണ നടപടികൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണെന്ന് റെയിൽവേ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. ഒഡിഷയിലെ ബാലസോറിലെ ട്രെയിൻ അപകടമുണ്ടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു. ആയിരത്തിലധികം പേരാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്- റെയിൽവേ ട്വീറ്റ് ചെയ്തു.
അപകടം നടന്ന സ്ഥലത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) ആദിത്യ കുമാർ ചൗധരി പറഞ്ഞു. "ട്രാക്കിലേക്ക് വീണ ബോഗികൾ നീക്കം ചെയ്തു. ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് ബോഗികളും നീക്കം ചെയ്തു. ഒരു വശത്ത് ട്രാക്ക് ബന്ധിപ്പിക്കുന്ന ജോലികൾ നടക്കുന്നു. എത്രയും വേഗം പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ അഞ്ചിനകം ട്രാക്കിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ ഏഴോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബാലസോറിൽ അപകടത്തിൽപ്പെട്ട യാത്രക്കാരുമായി പ്രത്യേക ട്രെയിൻ ചെന്നൈ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി. തകരാറിലായ ട്രാക്കുകളുടെയും ഓവർഹെഡ് ഇലക്‌ട്രിക് ലൈനുകളുടെയും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ഏഴ് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) ടീമുകളും അഞ്ച് ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഫ്) യൂണിറ്റുകളും 24 ഫയർ സർവീസ്, എമർജൻസി യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. വെള്ളിയാഴ്ചയുണ്ടായ ഭയാനകമായ അപകടത്തിൽപ്പെട്ട യാത്രക്കാരുമായി ബാലസോറിൽ നിന്നുള്ള പ്രത്യേക ട്രെയിൻ ഞായറാഴ്ച പുലർച്ചെ ചെന്നൈയിൽ എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) എംഐ-17 ഹെലികോപ്റ്ററുകൾ വിന്യസിച്ചിരുന്നു. സിവിൽ അഡ്മിനിസ്ട്രേഷനുമായും ഇന്ത്യൻ റെയിൽവേയുമായും ഇന്ത്യൻ എയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവെന്ന് ഈസ്റ്റേൺ കമാൻഡ് അറിയിച്ചു.