Padmanabhapuram Palace: കേരളീയ വാസ്തുകലയുടെ മനോഹര നിര്‍മ്മിതി; പദ്മനാഭപുരം കൊട്ടാരം കാണാത്തവരുണ്ടോ?
പ്രവേശന ഗോപുരം കടന്നു വന്നാല്‍ കൊട്ടാരത്തിന്റെ തുടക്കമായ മുഖമണ്ഡപം ദാരുനിര്‍മ്മിതമായ ശില്പവേലയുടെ മികച്ച ഉദാഹരണമാണ്.
മച്ചും തൂണുകളും കൊത്തുപണികളാല്‍ സമ്പന്നമാണ്. വീട്ടിയില്‍ തീര്‍ത്തതാണ് മുഖമണ്ഡപം.
നാലുകെട്ടിന്റെ അടിസ്ഥാന മാതൃകയില്‍ നിരവധി പരിഷ്കാരങ്ങളോടെ ഇടനാഴികളും മാളികകളും വലിയ അകത്തളങ്ങളുമായി ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുകയാണ് പദ്മനാഭപുരം കൊട്ടാരം.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കൊട്ടാരം പുരാവസ്തു വകുപ്പ് മികച്ച രീതിയിലാണ് സംരക്ഷിക്കുന്നത്.
വാസ്തു നിര്‍മ്മിതികളുടെ സവിശേഷത, ചുവര്‍ചിത്രങ്ങളുടെ രൂപ ലാവണ്യം, സരസ്വതീ ദേവിക്കായി സമര്‍പ്പിച്ച സപ്തസ്വരം ഉതിര്‍ക്കുന്ന ശിലാസ്തംഭങ്ങളോടെയുള്ള സരസ്വതീ മണ്ഡപവും ക്ഷേത്രവും, അമ്മച്ചി കൊട്ടാരം, മഹാറാണിയുടെ ശയനമുറി തുടങ്ങി സന്ദര്‍ശകരെ വരവേല്‍ക്കുന്ന അത്ഭുതങ്ങള്‍ ഏറെയാണ്.
തിരുവിതാംകൂര്‍ ചരിത്രത്തോട് ബന്ധപ്പെട്ട ഒരു മ്യൂസിയവും ഈ കൊട്ടാരത്തില്‍ കേരള പുരാവസ്തു വകുപ്പ് ഒരുക്കിയിട്ടുണ്ട്.
എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601-ൽ പദ്മനാഭപുരം കൊട്ടാര നിർമ്മാണത്തിന് തുടക്കമിട്ടത്.
കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പദ്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിലാണ് സ്ഥിതിചെയ്യുന്നത്.
1741-ൽ കുളച്ചൽ യുദ്ധത്തിന് ശേഷം മാർത്താണ്ഡവർമ്മയാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരം പുതുക്കി പണിതത്.
രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സന്ദര്‍ശന സമയം. തിങ്കളാഴ്ച അവധിയാണ്.
തമിഴ്നാട്ടിലെ നാഗര്‍കോവിലാണ് (16 കി. മീ.) പദ്മനാഭപുരം കൊട്ടാരത്തിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 52 കി. മീ. അകലെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.