Realme Laptop: റിയൽമിയുടെ ആദ്യ ലാപ്ടോപ് `റിയൽമി ബുക്ക് സ്ലിം` വിപണിയിൽ
സ്മാർട്ട് ഫോൺ നിർമാതാക്കളായ റിയൽമിയുടെ ആദ്യ ലാപ്ടോപ്പ് 'റിയൽമി ബുക്ക്(സ്ലിം)' ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഓഗസ്റ്റ് 30 ഉച്ചയ്‌ക്ക് 12 മണി മുതൽ റിയൽമി ബുക്കിന്‍റെ വില്പന ആരംഭിക്കും. ഫ്ലിപ്‌കാർട്ട്, റിയൽമി.കോം എന്നീ സൈറ്റുകൾ വഴിയും അംഗീകൃത റിയൽമി ഷോറൂമുകളിൽ നിന്നും ലാപ്ടോപ് വാങ്ങാം.
14 ഇഞ്ച് 2k ഫുൾ വിഷൻ ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 3:2 ആണ് ഡിസ്പ്ലേയുടെ Aspect Ratio. ഐറിസ് എക്‌ഇ, ഇന്‍റഗ്രേറ്റഡ് ഗ്രാഫികസ് കാർഡും റിയൽമി ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കണക്റ്റിവിറ്റിക്കായി WiFi -6 ആണ് നൽകിയിരിക്കുന്നത്. Finger Print സെൻസറും റിയൽമി ലാപ്‌ടോപ്പിന് നൽകിയിട്ടുണ്ട്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഈ ലാപ്ടോപ്പ് സാധാരണ ലാപ്ടോപ്പുകളുടെ ഡിസ്പ്ലെയേക്കൾ 33 ശതമാനം വരെ തെളിച്ചമുള്ളതായാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ട് വേരിയന്‍റുകളിലാണ് റിയൽമി ലാപ്ടോപ്പ് അവതരിപ്പിക്കുന്നത്. 11th ജനറേഷൻ ഇന്റൽ കോർ i5, i3 പ്രോസസ്സറുകളുമായി വരുന്ന ഈ ലാപ്ടോപ്പിന്റെ ഡിസൈൻ ഏറെ ആകർഷകമാണ്. 8 ജിബി റാമും 256 ജിബി എസ്എസ്‌ഡിയും ഉള്ള ഇന്‍റൽകോർ i3 മോഡലിന് 44,999 രൂപയാണ് വില. ഇന്റൽ കോർ ഐ5, 8ജിബി റാം+ 512ജിബി സ്റ്റോറേജ് ഓപ്ഷന് 59,999 രൂപ വിലയുണ്ട്. ലോഞ്ച് ഓഫർ എന്ന നിലയിൽ, റിയൽമി ബേസ് വേരിയന്റ് 44,999 രൂപയ്ക്ക് ലഭ്യമാക്കുന്നു, 512 ജിബി സ്റ്റോറേജ് മോഡൽ 56,999 രൂപയ്ക്കും ലഭ്യമാകും.
റിയൽ ബ്ലൂ, റിയൽ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാണ്. വിൻഡോസ് 10ൽ എത്തുന്ന റിയൽമി ബുക്ക് വരും മാസങ്ങളിൽ വിൻഡോസ് 11ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനാകും. 65 വാട്ടിന്‍റെ ചാർജർ 30 മിനിറ്റിനുള്ളിൽ ബാറ്ററി 50%ൽ എത്തിക്കും. 11 മണിക്കൂറോളം കണക്റ്റിവിറ്റി നൽകാൻ ബാറ്ററിക്ക് കഴിയുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്.
ഡിടിഎസ് ശബ്ദ സംവിധാനത്തോട് കൂടിയ ഹർമന്‍റെ രണ്ട് സ്പീക്കറുകളും റിയൽമി ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സപ്പോർട്ടുള്ള അൽഗോരിതങ്ങളും നോയിസ് ക്യാൻസലേഷനുള്ള പ്രീ-പ്രോസസ്സിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന രണ്ട് മൈക്രോഫോണുകളും ഈ ലാപ്‌ടോപ്പിലുണ്ട്.