Roshan Mathew birthday: ഗോഡ് ഫാദർമാരില്ലാതെ വന്നു; പ്രേക്ഷക ഹൃദയം കീഴടക്കി റോഷൻ മാത്യു
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ തൻറേതായ ഇടം കണ്ടെത്തിയ നടനാണ് റോഷൻ മാത്യു. ഇന്ന് മലയാളത്തിലെ മുൻനിരയിലുള്ള യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് റോഷൻ.
ഏത് കഥാപാത്രവും തൻറെ കയ്യിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ റോഷൻ തെളിയിച്ചു കഴിഞ്ഞു. വളരെ ചെറിയ ബാക്ക്ഗ്രൌണ്ടിൽ നിന്നെത്തി സിനിമാ ലോകത്ത് സ്വന്തമായി ഒരു സിഗ്നേച്ചറുണ്ടാക്കാൻ റോഷന് സാധിച്ചിട്ടുണ്ട്.
ഗോഡ് ഫാദർമാരില്ലാതെയാണ് റോഷൻ മാത്യു മലയാള സിനിമയിൽ എത്തിയത്. 2015ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് റോഷൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പുതിയ നിയമം എന്ന ചിത്രത്തിൽ റോഷൻ വില്ലനായി അഭിനയിച്ചിരുന്നു. 2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലെ ഗൌതം മേനോൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൂത്തോൻ എന്ന ചിത്രത്തിലൂടെയാണ് റോഷൻ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. യുവനടൻമാരിൽ ഇവോൾവിംഗ് ആക്ടർമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് റോഷൻറെ സ്ഥാനമെന്ന് തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങൾ റോഷൻ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയാണ് റോഷനെ മറ്റ് നടൻമാരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും വരെ എത്തി നിൽക്കുകയാണ് റോഷൻ.
വിക്രം നായകനായ കോബ്ര എന്ന ചിത്രത്തിലൂടെ റോഷൻ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ആലിയ ഭട്ടിനൊപ്പം ഡാർലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിൻറെ ഭാഗമാകാനും റോഷന് സാധിച്ചു.