രോഗികൾക്ക് കരുത്ത് പകരാൻ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് വാർഡ് സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി, ചിത്രങ്ങൾ വൈറലാകുന്നു
കൊവിഡ് രോഗികൾക്കും കോവിഡ് പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകർക്കും കരുത്തും ആശ്വാസവും നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിൽ നേരിട്ടെത്തിയാണ് സ്റ്റാലിന്‍ ഇവർക്ക് ധൈര്യം പകർന്നത്. (Image Courtesy M.K.Stalin Twitter)
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദർശനം നടത്തിയത്. കൊവിഡ് രോഗികളെ സന്ദർശിച്ച കാര്യം ചിത്രങ്ങൾ സഹിതം എം.കെ.സ്റ്റാലിൻ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
കോയമ്പത്തൂർ, ഈറോഡ്, തിരുപൂർ മേഖലകളിലെ വിവിധ ആശുപത്രികളിൽ സ്റ്റാലിൻ സന്ദർശനം നടത്തിയിരുന്നു. ഈറോഡ് സർക്കാർ മെഡിക്കൽ കോളജിലെത്തിയ അദ്ദേഹം അവിടെ പുതിയതായി സജ്ജീകരിച്ച ഓക്സിജൻ ബെഡുകളുടെ പ്രവർത്തനവും വിലയിരുത്തി.
സ്റ്റാലിനൊപ്പം ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യൻ, ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്‍റ് മന്ത്രി എസ്.മുത്തുസ്വാമി എന്നിവരും ഉണ്ടായിരുന്നു.
തുടർന്ന് തിരുപ്പൂർ സർക്കാർ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തി. കോവിഡ് രോഗികളെ സന്ദർശിച്ച് അവരുടെ ആരോഗ്യവിവരങ്ങളും ചോദിച്ചറിഞ്ഞു
ഉച്ചയോടെ കോയമ്പത്തൂർ ഇഎസ്ഐ മെഡിക്കൽ കോളജിലെത്തി. ഇവിടെയും സൗകര്യങ്ങൾ വിലയിരുത്തി. ഒപ്പം കൊവിഡ് രോഗികളെ താമസം കൂടാതെ ആശുപത്രികളിലെത്തിക്കുന്നതിനായി അൻപത് കാർ ആംബുലൻസുകളും ലോഞ്ച് ചെയ്തു.