Mahakal Lok: മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി, ഉജ്ജയിനില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ കാണാം
സാംസ്ക്കാരികപരവും മതപരവുമായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രമാണ് മഹാകാലേശ്വർ. ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മധ്യപ്രദേശിലെ ഉജ്ജയിനിയിൽ രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം.
ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്നാണ് വിശ്വാസം. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ഇവിടെ ഭഗവാന്‍ ശിവൻ അറിയപ്പെടുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തര്‍ വർഷം മുഴുവനും സന്ദർശിക്കാനും ആരാധിക്കാനും ഇവിടെയെത്തുന്നു.
ക്ഷേത്രവും പരിസരവും ഇപ്പോള്‍ വികസനത്തിന്‍റെ പാതയിലാണ്. ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്ര ത്തോടനുബന്ധിച്ച് നിര്‍മ്മിച്ചിരിയ്ക്കുന്ന 900 മീറ്റർ ദൈര്‍ഘ്യമുള്ള ക്ഷേത്ര ഇടനാഴി നാളെ ഒക്ടോബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.
856 കോടിയുടെ മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്. രണ്ട് വലിയ പ്രവേശന കവാടങ്ങൾ, മണൽക്കല്ലിൽ കൊത്തിയെടുത്ത 108 അലങ്കരിച്ച തൂണുകളുടെ ഗാംഭീര്യമുള്ള സ്തംഭം, ജലധാരകൾ, ശിവപുരാണത്തിലെ കഥകൾ ചിത്രീകരിക്കുന്ന 50-ലധികം പ്രതിമകള്‍ തുടങ്ങിയവ ഏറെ മനോഹരമാണ്.
900 മീറ്ററിലധികം നീളമുള്ള ഇടനാഴി, ഉജ്ജൈനിയിലെ മഹാകൽ ലോക്, ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇടനാഴികളിൽ ഒന്നാണ്. ഈ ഇടനാഴി പഴയ രുദ്രസാഗർ തടാകത്തിന് സമീപമാണ്. പുരാതന മഹാകാലേശ്വര് ക്ഷേത്രത്തിന് ചുറ്റുമുള്ള പുനർവികസന പദ്ധതിയുടെ ഭാഗമായാണ് ഇത് പുനര്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്.
രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളിലെ കരകൗശല വിദഗ്ധർ ആണ് ഈ ഇടനാഴിയുടെ നിര്‍മ്മാണത്തിന് പിന്നില്‍.
2017 ൽ ആരംഭിച്ച ഈ അതിമനോഹര പദ്ധതി, പുരാതന ക്ഷേത്ര വാസ്തുവിദ്യയുടെ ഉപയോഗത്തിലൂടെ ചരിത്ര നഗരമായ ഉജ്ജൈനിയുടെ പുരാതന പ്രതാപം തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.