കഴുത്തറുത്താലും പറന്നുകൊത്തുന്ന പാമ്പ്...! അങ്ങനെ ഒരു പാമ്പുണ്ടോ? നോക്കാം..!
ലോകത്തിലെ ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. ഇംഗ്ലീഷില്‍ കിങ് കോബ്ര എന്ന് വിളിക്കുമെങ്കിലും മൂര്‍ഖന്‍ പാമ്പുകളുടെ വിഭാഗത്തില്‍ അല്ല രാജവെമ്പാലയെ പെടുത്തിയിരിക്കുന്നത്. മറ്റ് പല പാമ്പുകളുടേയും വിഷത്തേക്കാള്‍ വീര്യം കുറവാണെങ്കിലും, രാജവെമ്പാലയുടെ കടിയേറ്റാല്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ഒറ്റ കടിയില്‍ തന്നെ അത്രയധികം വിഷം ആണ് ഇവ പുറത്ത് വിടുന്നത്. ഒരു ആനയെ കൊല്ലാന്‍ മാത്രം അളവുണ്ടാകും ഇതിന് എന്നാണ് പറയുന്നത്. സാധാരണ ഗതിയില്‍ രാജവെമ്പാലയുടെ കടിയേറ്റാല്‍ അര മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും
സൈറ്റോടോക്‌സിനുകളും ന്യൂറോടോക്‌സിനുകളും ആല്‍ഫ ന്യൂറോടോക്‌സിനുകളും ആണ് രാജവെമ്പാലയുടെ വിഷത്തില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. വിഷത്തിലെ മറ്റ് ഘടകങ്ങള്‍ക്ക് കാര്‍ഡിയോ ടോക്‌സിക് ഫലങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒറ്റത്തവണ കടിയ്ക്കുമ്പോള്‍ 420 മില്ലി ഗ്രാം വിഷം വരെയാണ് രാജവെമ്പാല പുറന്തള്ളുന്നത്. കടിയേല്‍ക്കുന്ന ആളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ അസഹനീയമായ വേദന, കാഴ്ച മങ്ങുന്ന സ്ഥിതി, പക്ഷാഘാതം എന്നിവയ്ക്ക് സാധ്യതയുണ്ട്.
സാധാരണ മൂര്‍ഖന്‍ പാമ്പിന് ഒന്നര മീറ്റര്‍ വരെയാണ് നീളമെങ്കില്‍, രാജവെമ്പാലയുടെ സ്ഥിതി അതല്ല. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു രാജവെമ്പാലയ്ക്ക് 5.85 മീറ്റര്‍ വരെ നീളമുണ്ടായേക്കാമെന്നാണ് പറയുന്നത്. ആറ് കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള രാജവെമ്പാലകളില്‍ ഏറ്റവും വലുത് 16 അടി നീളമുള്ള ഒന്നാണ്.
പാമ്പുകളെ കുറിച്ച് ഒരുപാട് മിത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ്, കഴുത്ത് അറ്റുപോയാലും അവ പറന്നുവന്ന് കൊത്തും എന്നത്. പാമ്പിന്റെ പകയെ കുറിച്ചും, നാഗശാപങ്ങളെ കുറിച്ചും ഒരുപാട് കഥകള്‍ പ്രചരിക്കുന്ന നാടാണ് ഇന്ത്യ. എന്തായാലും പാമ്പുകള്‍ക്ക് ആളുകളോട് പകവച്ച് പുലര്‍ത്താനൊന്നും കഴിയില്ല എന്നതാണ് വാസ്തവം.
രണ്ട് തരത്തില്‍ പാമ്പുകള്‍ കടിക്കാറുണ്ട്. ഡ്രൈ ബൈറ്റ് എന്നും വെനമസ് ബൈറ്റ് എന്നും ഇവയെ വേര്‍തിരിക്കാം. വിഷപ്പാമ്പുകള്‍ തന്നെ കടിക്കുമ്പോള്‍ വിഷം പുറപ്പെടുവിച്ചില്ലെങ്കില്‍ അതിനെ ഡ്രൈ ബൈറ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വിഷം ഉണ്ടാവില്ല എന്നേ ഉള്ളൂ, വേദനയ്ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഒരു കുറവും ഉണ്ടാവില്ല. കടിയ്ക്കുമ്പോള്‍ വിഷം കൂടി കടത്തി വിടുന്നതാണ് വെനമസ് ബൈറ്റ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഒറ്റ കടിയില്‍ വളരെ അധികം വിഷം പുറത്ത് വിടുന്ന പമ്പായതുകൊണ്ട് രാജവെമ്പാലകള്‍ അപകടകാരികളാണ്. പൊതുവേ, മനുഷ്യവാസമുള്ള മേഖലകളില്‍ അപൂര്‍വ്വമായി മാത്രമേ രാജവെമ്പാലകളെ കാണാറുള്ളു.
ഇന്ത്യയെ 'പാമ്പാട്ടികളുടെ നാട്' എന്നാണ് വിളിക്കുന്നതെങ്കിലും ലോകത്ത് പാമ്പുകടിയേറ്റവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. എന്നിരുന്നാലും അമേരിക്കയിൽ മെച്ചപ്പെട്ട ചികിത്സ കാരണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ മരണം സംഭവിച്ചിട്ടുള്ളൂ. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ലോകമെമ്പാടും പ്രതിവർഷം 5 ദശലക്ഷം സംഭവങ്ങളാണ് പാമ്പുകടിയേറ്റതിന്റെ പേരിൽ ഉള്ളത്. ഇതിൽ ഒരു ലക്ഷത്തോളം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നു.