Kisan Credit Card: എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്? കർഷകർക്ക് എങ്ങനെ പ്രയോജനപ്പെടും? അറിയാം
കർഷകരിൽ പലർക്കും വിവിധ കാർഷിക വായ്പകൾ ഉണ്ടാകും. ഈ വായ്പകളിൽ അനുവദിക്കപ്പെട്ട മുഴുവൻ തുകയ്ക്കുമാണ് പലിശ കണക്കാക്കുക. വായ്പാ കാലയളവിൽ എപ്പോൾ വേണമെങ്കിലും പണം വായ്പാ അക്കൗണ്ടിൽ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡിനുള്ള പ്രത്യേകത. ബാങ്കുകളിൽ നിന്ന് കെസിസി പദ്ധതി പ്രകാരമുള്ള വായ്പയാണ് നിങ്ങൾ എടുത്തിരിക്കുന്നതെങ്കിൽ ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് ചോദിച്ച് വാങ്ങാൻ മറക്കരുത്.
സ്വന്തമായി കൃഷിഭൂമിയുള്ളവർക്ക് കെസിസിക്ക് അപേക്ഷിക്കാവുന്നതാണ്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും, കർഷക സംഘങ്ങൾക്കും റജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. അപേക്ഷാ ഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭിക്കും. കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.
കുറഞ്ഞ പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1,60,000 വരെയുള്ള വായ്പകൾക്ക് പ്രത്യേക ഈട് ആവശ്യമില്ല. കൃഷി സ്ഥലത്തുള്ള വിളതന്നെ ഈടായി പരിഗണിക്കുന്നതാണ്. അതിന് മുകളിലുള്ളവയ്ക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നൽകണം. ഈ വായ്പ എടുക്കുന്നവർ വിള ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്.
വായ്പയെടുത്ത തുക പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ ഒന്നായോ ഗഡുക്കളായോ അടക്കണം. ഹ്രസ്വകാല വിളകൾക്കാണെങ്കിൽ 12 മാസത്തിനുള്ളിൽ പണം തിരിച്ചടയ്ക്കണം. ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്.