Ear Wax: ചെവിക്കായം വരുന്നത് എന്തുകൊണ്ട്? ഒരിക്കലും ഇവ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുത്, കാരണം...
സെബേഷ്യസ് ഗ്ലാന്റ് എന്നാണ് ചെവിയ്ക്കുള്ളിലെ ഈ ഗ്ലാന്റ് അറിയപ്പെടുന്നത്. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളോട് സാമ്യമുളളതാണിത്. ഈ ഗ്ലാന്റ് പുറപ്പെടുവിക്കുന്ന വാക്സ് വെറും അഴുക്കല്ല. വെള്ളം, പൊടി തുടങ്ങിയവ നമ്മുടെ ചെവിയിൽ കയറി പോകാറുണ്ട്. അങ്ങനെ കയറുമ്പോൾ നമ്മുടെ കേൾവിയെ വരെ അത് ബാധിച്ചേക്കാം. ഇവയെ തടഞ്ഞ് നിർത്തുകയാണ് സെബേഷ്യസ് ഗ്ലാന്റ് ചെയ്യുക. ഇത് പിന്നീട് വായയുടെ ചലനങ്ങള്‍ മൂലം പുറത്തേയ്ക്ക് ചെവിക്കായ രൂപത്തില്‍ വരുന്നു. അത്ര വലിയ കാര്യമല്ല അത് എങ്കിൽ പോലും ചിലരിൽ അത് പ്രശ്നമാകുന്നു. ചെവിക്കായം അടിഞ്ഞു കൂടി കട്ടിയായി ഇത് കേള്‍വി കുറയ്ക്കുയും ചെയ്യും.
പലപ്പോഴും ബഡ്‌സ് ഉപയോഗിച്ച് നമ്മൾ ഇത് വൃത്തിയാക്കാന്‍ നോക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഇത് കൂടുതൽ ഉള്ളിലേയ്ക്ക് കയറി പ്രശ്‌നമുണ്ടാക്കുന്നു. ചെവിക്കായം കല്ല് രൂപത്തിലാകുമ്പോള്‍ അതിന്റെ മര്‍ദം കാരണം വേദനയുണ്ടാകും. ഈ വേദന പിന്നീട് തലവേദന, തല കറക്കം, കേള്‍വിക്കുറവ് തുടങ്ങി പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാൻ നോക്കുമ്പോൾ കുടുതൽ ഉള്ളിലേക്ക് കയറുകയും പുറത്തേയ്ക്ക് വരാത്ത സ്ഥിതി ആകുകയും ചെയ്യും.
അങ്ങനെ വരുമ്പോൾ പിന്നെയും സ്വയം നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുക. അത് പ്രശ്നം കൂടുതൽ വഷളാക്കും. ആ സാഹചര്യത്തിൽ വാക്‌സ് പുറത്തെടുക്കാനായി ഇഎന്‍ടി വിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്. നമ്മൾ വരുത്തുന്ന ചെറിയ തെറ്റുകള്‍ ചിലപ്പോൾ കേള്‍വിയെ തന്നെ ബാധിച്ചേക്കാം.