അപ്രത്യക്ഷമാകാം.. ഇനിയും വൈകിയാൽ കാണാൻ സാധിക്കാത്ത ഭൂമിയിലെ ഇടങ്ങൾ...

Sun, 28 Feb 2021-11:52 am,

സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് ഈസ്റ്റര്‍ ദ്വീപ് എങ്കിലും വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇവിടം കടന്നുപോകുന്നത്. ഈ ദ്വീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ധാരാളമായി ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ ഇവിടെ തള്ളുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ്. 

ലോകത്തിലെ മനോഹരമായ ഇടങ്ങളിലൊന്നാണ് യൂറോപ്യന്‍ ആല്‍പ്ല്. മഞ്ഞിലൂടെയുള്ള സ്കീയിങ്ങും യാത്രകളും അതിമനോഹരമായ വ്യൂ പോയിന്‍റുകളും എല്ലാം കാണുന്ന ഇവിടം യൂറോപ്യന്‍ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് എന്നുതന്നെ പറയാം. പക്ഷേ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ഇടങ്ങളിലാണ് യൂറോപ്യന്‍ ആല്പ്സിന്‍റെ സ്ഥാനം. ലോകത്തിലെ മറ്റ് പല പര്‍വ്വതങ്ങ‌ളെയും അപേക്ഷിച്ച് വളരെ ഉയരത്തിലാണ് ആൽപ്സ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ടുതന്നെ ആഗോളതാപനത്തിന്റെ ദോഷഫലങ്ങള്‍ വളരെ പെട്ടന്നാണ് ബാധിക്കുന്നത്. ഇവിടെ താപനില വര്‍ധിക്കുന്നത് മറ്റിടങ്ങലിലുള്ളതിനെക്കാൾ ഇരട്ടിയിലും അധികമായാണ്. ഈ പ്രദേശത്തിന്റെ ആയുസ്സ് പല പഠനങ്ങളുടേയും അടിസ്ഥാനത്തൽ 2050 വരെയാണ് എന്നാണ്. 

ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് മൗണ്ട് കിളിമഞ്ചാരോ. മഞ്ഞുമൂടിക്കിടക്കുന്ന ഈ പര്‍വ്വതത്തില്‍ കഴിഞ്ഞ 100 വര്‍ഷങ്ങളായി മഞ്ഞ് ഉരുകുകയാണ്. അതിവേഗം മഞ്ഞുരുകുന്നത് തടയുവാനാവില്ല.  ശാസ്ത്രലോകത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 2021 ഓടുകൂടി ഇവിടുത്തെ മഞ്ഞ് ഏകദേശം പൂര്‍ണ്ണമായും ഉരുകിത്തീരും എന്നാണ്.  അങ്ങനെ സംഭവിച്ചാല്‍ പര്‍വ്വതത്തിന്റെ ഇപ്പോഴുള്ള രൂപം അപ്രത്യക്ഷമാകുമെന്നതിൽ സംശയമില്ല. 

ഇറ്റലിയിലെ വെനീസ് ഓരോ ദിവസവും വെള്ളത്തിലേക്ക് പതിയെ മുങ്ങിക്കൊണ്ടിരിക്കുന്ന ഇടമാണ്. ചരിത്രത്തിനും കലയ്ക്കും എല്ലാം ഇത്രയധികം പ്രാധാന്യം നൽകിയ വെനീസിന് നിരവധി പ്രത്യേകതകളാണുള്ളത്. ഒഴുകുന്ന നഗരം, കനാലുകളുടെ നാട്, പാലങ്ങളുടെ നാട്, മുഖംമൂടികളുടെ നഗരം, ജലത്തിന്റെ നഗരം എന്നിങ്ങനെ നിരവധി പേരുകളാണ് വെനീസിനുള്ളത്.  പക്ഷേ ലോകത്തില്‍ അതിവേഗം മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ വെനീസുമുണ്ട്. 

ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്കറിന്റെ പ്രത്യേകത എന്നുപറയുന്നത് അത്യപൂര്‍വ്വമായ ജൈവസമ്പത്തും ആവാസവ്യവസ്ഥകളുമാണ്. ലോകത്ത് ഒരിടത്തും കാണാന്‍ സാധിക്കാത്ത തരത്തിലുള്ള ജൈവവൈവിധ്യമാണ് ഇവിടെയുള്ളത്. എന്നാല്‍  മഡഗാസ്കര്‍ ഓരോ വര്‍ഷവും ക്രമാതീതമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. കാടുകളും മറ്റും ഇവിടെ കുറയുകയാണ്.  ഇനി ഇപ്പോഴത്തെ നിരക്കിലുള്ള വനനശീകരണംകൂടി തുടര്‍ന്നാല്‍ പിന്നെ 2025 ആകുമ്പോഴേക്കും മൊത്തത്തിൽ ഇല്ലാതായേക്കും.

മ്യാന്‍മാറിലെ വിശുദ്ധ നഗരമായി കണക്കാക്കുന്ന ബഗാന്‍ 11,12 നൂറ്റാണ്ടുകളിലെ ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇവിടെ ഒരുകാലത്ത് പതിനായിരത്തോളം ക്ഷേത്രങ്ങളും പഗോഡകളും ഇവിടെയുണ്ടായിരുന്നു. ഇവിടം അറിയപ്പെട്ടിരുന്നത് തന്നെ ക്ഷേത്രങ്ങളുടെ കടല്‍ എന്നായിരുന്നു.  എന്നാല്‍ പ്രകൃതി ദുരന്തങ്ങളുടെയും അക്രമങ്ങളുടെയും കടന്നുകയറ്റങ്ങളുടെയുമെല്ലാം അവസാനം ഇപ്പോൾ ഇവിടെയുള്ളത് 2229 ക്ഷേത്രങ്ങളും പഗോഡകളും മാത്രമാണ്.  എന്നാല്‍ അതും നാശത്തിന്റെ വക്കിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികള്‍ വളരെ അലക്ഷ്യമായാണ് ഇവയെ സമീപിക്കുന്നത്. അത് ഈ ക്ഷേത്രങ്ങളുടെ തകര്‍ച്ചയ്ക്കും നാശത്തിനും കാരണമായേക്കും

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമാണ് ന്യൂക്ക്.  സഞ്ചാരികൾ പറയുന്നത് ഹിമവും ധ്രുവക്കരടികളും ഭരിക്കുന്ന ഇടമാണിതെന്നാണ്.   പക്ഷേ ഇവിടവും നാശത്തിലേക്കുള്ള പാതയിലാണ്. ഇതിനു കാരണം രത്നങ്ങളുടെയും മറ്റും വ്യവസായം പുതുക്കുവാനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ്. ഇത് ഖനികളുടെ നിര്‍മ്മാണത്തിലേക്കും അതുമൂലം ആത്യന്തികമായി രാജ്യത്തിന്റെ പാരിസ്ഥിതിക മാറ്റങ്ങളിലേക്കുമാണ് ചെന്നെത്തുക. ഇങ്ങനെ സംഭവിച്ചാല്‍ 2100 ഓടെ ഗ്രീൻ‌ലാൻഡിന്റെ തീരദേശ ഐസ് ഉരുകി തലസ്ഥാനമായ ന്യൂക്ക് തന്നെ വെള്ളത്തിനടിയിലായേക്കാമെന്നും റിപ്പോർട്ടുണ്ട്.  

മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സീഷെല്‍സ് സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ്.  ഇന്ത്യൻ മഹാ സമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ ഇവിടുത്തെ ദ്വീപ് കാഴ്ചകള്‍ അവിസ്മരണീയമാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാല്‍ ഇവിടം ഓരോ നിമിഷവും കടലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതും മണ്ണൊലിപ്പുമാണ്. ശാസ്ത്രലോകത്തിന്റെ കണക്കുകൾ അനുസരിച്ച് സീഷെൽസ് പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതിന് അധിക സമയം വേണ്ട എന്നാണ്.  

അര്‍ജന്‍റീനയിലെ പാറ്റഗോണിയ അതീവ വ്യത്യസ്തമായ കുറേയധികം ഭൂപ്രകൃതികള്‍ ചേരുന്ന പ്രദേശമാണ്. ചുറ്റിലുമായി പര്‍വ്വത നിരകള്‍, മരുഭൂമികള്‍, ഹിമാനികള്‍, പീഠഭൂമികള്‍. കടല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഇവിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. പ്രദേശത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നത് മഴയുടെ കുറവും ചൂടും കാരണം മഞ്ഞ് ഉരുകുന്നതാണ് എന്നാണ് റിപ്പോർട്ട്.

ഗ്രേറ്റ് ബാരിയര്‍ റീഫ് ഓസ്ട്രേലിയയിലെ അതിമനോഹരമായ കാഴ്ചകളിലൊന്നാണ്.  പക്ഷേ ഇതും ഇന്ന് നാശത്തിന്‍റെ പാതയിലാണ്. ഇതിന് കാരണം ആഗോളതാപനമാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link