തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജനെതിരെ പരാതിയുമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്. പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം ഇ.പി.ജയരാജനെ ആദ്യമായി കാണാന്‍ പോയ തന്നെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ജു  നേരിട്ടു മുഖ്യമന്ത്രിയേ കണ്ട്, മന്ത്രി തന്നോട്‌ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന്  അറിയിച്ചു. മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു മടക്കുകയും ചെയ്തു . അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയെന്നാണ് പരാതി നല്‍കിയത്.


കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയിൽ വിമാനയാത്രാക്കൂലിയായി അഞ്ജു സർക്കാരിൽ നിന്ന് വാങ്ങിയ 40,000 രൂപ തിരിച്ചടപ്പിക്കുമെന്നും മന്ത്രി പറഞ്ഞെന്ന് അഞ്ജു അറിയിച്ചു. കൗൺസിലിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി. ഇത് കുട്ടികൾക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരം.