Asia Cup 2022 : ബോളിങ്ങിൽ പിടിച്ചിട്ടുണ്ട്; ഇനി ബാറ്റിങ്ങിൽ തകർക്കണം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 148 റൺസ് വിജയലക്ഷ്യം
Asia Cup 2022 India vs Pakistan : ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ പാക് സംഘത്തെ ബാറ്റിങ്ങിനയിക്കുകയായിരുന്നു.
ദുബായ് : ഏഷ്യ കപ്പിൽ പാകിസ്ഥാനെ 147 റൺസിന് പുറത്താക്കി ഇന്ത്യ. ഒരു ബോൾ ബാക്കി നിർത്തവെയാണ് ഇന്ത്യൻ ബോളിങ് സംഘം ബദ്ധ വൈരികളായ പാകിസ്ഥാനെ 150ത് പോലും കടത്താതെ പുറത്താക്കിയത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലും ഹാർദിക് പാണ്ഡ്യ മൂന്നും വിക്കറ്റുകൾ വീതം നേടി. 43 റൺസെടുത്ത ഓപ്പണറായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ പാക് സംഘത്തെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ പാകിസ്ഥാന് മേലെ ഇന്ത്യയുടെ ബോളിങ് ആക്രമണമായിരുന്നു കാണാൻ ഇടയായത്. ആദ്യ ഓവറിൽ ഭുവനേശ്വർ കുമാറിന് അനുകൂലമായി അമ്പയർ വിധിച്ചെങ്കിലും ഡിആർഎസിലൂടെ പാക് നായകൻ ബാബർ അസം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മൂന്നാം ഓവറിൽ ഭുവനേശ്വർ തന്നെ പാക് നായകനെ പുറത്താക്കി. ശേഷം സ്കോർ ഉയർത്താൻ ശ്രമിക്കവെ വൺ ഡൌൺ ബാറ്റർ ഫഖർ സമാനും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു.
ALSO READ : Asia Cup 2022 : ലോകകപ്പിലെ അതേ ആധിപത്യം ഇന്ത്യക്കെതിരെ ഏഷ്യ കപ്പിലും തുടരും : പാക് വൈസ് ക്യാപ്റ്റൻ
ശേഷമെത്തിയ ഇഫ്തിഖർ അഹമ്മദും റിസ്വാനും ചേർന്ന് പാകിസ്ഥാനെ സുരക്ഷിതമായ സ്കോറിലേക്ക് മെല്ലെ നയിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ ഇരുവരുടെയും വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ ആധിപത്യം പാകിസ്ഥാന് മുകളിൽ സൃഷ്ടിച്ചു. തുടർന്ന് ഓരോ ഇടവേളകളിലായി പാക് തരങ്ങൾക്ക് പവലിയനിലേക്ക് തിരിക്കേണ്ടി വന്നു. ഭുവനേശ്വറിനും പാണ്ഡ്യയ്ക്ക് പുറമെ അർഷ്ദീപ് സിങ്ങ് രണ്ടും ആവേഷ് ഖാൻ ഒരു വിക്കറ്റുകൾ വീതം നേടി.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ : രോഹിത് ശർമ, വിരാട് കോലി, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്.
പാകിസ്ഥാന്റെ പ്ലേയിങ് ഇലവൻ : ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമദ്, ഖുഷ്ദിൽ ഷാ, അസിഫ് അലി, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷഹ്നവാസ് ഡഹ്നി
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.