Asia Cup 2023 : ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല; ഏഷ്യ കപ്പിന് വേറെ വേദി കണ്ടെത്തണമെന്ന് ജെയ് ഷാ
India vs Pakistan ബിസിസിഐക്ക് ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ സമ്മതമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു
മുംബൈ : അടുത്ത വർഷം നടക്കുന്ന ഏകദിന ഏഷ്യ കപ്പ് ടൂർണമെന്റിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലയെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ. മുംബൈയിൽ നടന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വാർഷിക പൊതുയോഗത്തിലാണ് ബിസിസിഐ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യ കപ്പ് 2023ന് സംഘടിപ്പിക്കാൻ പാകിസ്ഥാന് പകരം മറ്റൊരു വേദി കണ്ടെത്തണമെന്നും ജെയ് ഷാ ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ ബിസിസിഐക്ക് സമ്മതമാണെന്ന് ബോർഡിന്റെ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ഏറ്റവും അവസാനമായി ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങൾക്കായി പാകിസ്ഥാനിലേക്ക് പോയത് 2005-06 സീസണിൽ ആയിരുന്നു. ഇരുരാജ്യങ്ങൾ തമ്മിൽ പരമ്പരകൾ ഏറ്റവും അവസാനം സംഘടിപ്പിച്ചത് 2012-13 സീസണിൽ ഇന്ത്യയിൽ വെച്ചായിരുന്നു. അതിന് ശേഷം ഐസിസിയുടേയും ഏഷ്യ ക്രിക്കറ്റ് കൗൺസിലിന്റെയും ടൂർണമെന്റുകളിൽ മാത്രമാണ് ഇരു രാജ്യങ്ങളും നേർക്കുനേരെത്തിയിരുന്നത്. ഏറ്റവും അവസാനമായി ഇരു രാജ്യങ്ങൾ തമ്മിൽ ഏറ്റമുട്ടിയത് യുഎഇയിൽ വെച്ച് ഏഷ്യ കപ്പ് ട്വന്റി 20 ടൂർണമെന്റിലായിരുന്നു.
ALSO READ : BCCI President : ഗാംഗുലി ഇറങ്ങി; ഇനി റോജർ ബിന്നി ബിസിസിഐ അധ്യക്ഷൻ
നിലവിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് തയ്യാറെടുക്കുകയാണ്. 16-ാം തീയതി ആരംഭിച്ച ടൂർണമെന്റിൽ ഒക്ടോബർ 23നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. മെൽബണിൽ വെച്ചാണ് ഇന്ത്യ പാക് പോരാട്ടം. ദുബായിൽ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പിലും കഴിഞ്ഞ മാസം നടന്ന ഏഷ്യ കപ്പിലും ഇന്ത്യക്കെതിരെ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാൻ. ദുബായിൽ വെച്ച് നടന്ന മത്സരത്തിലാണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് പാകിസ്ഥാനോട് ലോകകപ്പിൽ തോൽക്കേണ്ടി വന്നത്.
ഏഷ്യ കപ്പ് റണ്ണറപ്പായ പാകിസ്ഥാൻ നിലവിൽ കൂടുതൽ ഫോം കണ്ടെത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് പാകിസ്ഥാൻ കപ്പ് നേടിയിരുന്നു. അതേസമയം ഇന്ത്യയാകെട്ടെ സ്വന്തം തട്ടകത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ടി20 പരമ്പര നേടിയാണ് ലോകകപ്പിനായി തിരിച്ചത്. എന്നാൽ പരിശീലന മത്സരത്തിൽ പശ്ചിമ ഓസ്ട്രേലിയയോട് തോറ്റതിന്റെ സമ്മർദ്ദത്തിലാണ് ഇന്ത്യ നിലവിൽ.
ലോകകപ്പിനുള്ള ഇന്ത്യൻ സംഘം : രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, യുസ്വേന്ദ്ര ചഹൽ, ഹർഷാൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ.
ലോകകപ്പിനുള്ള പാകിസ്ഥാൻ ടീം: ബാബർ അസം, അസിഫ് അലി, ഹൈദർ അലി, ഷാൻ മസൂദ്, ഖുശ്ദിൽ ഷാ, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, മുഹമ്മദ് ഹസ്നെയ്ൻ, ഉസ്മാൻ ഖാദിർ, ഹാരിസ് റൌഫ്, നസീം ഷാ, മുഹമ്മദ് വസീം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...