കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കൊല്‍ക്കത്തയുമായുള്ള ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകര്‍ക്ക് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്. കാരണം ഇത്രയേറെ പിന്തുണ മറ്റൊരു കൂട്ടര്‍ക്കും ഇതുവരെയും കിട്ടിയുണ്ടാകില്ല. പക്ഷെ പ്രതീക്ഷിച്ച പോലെയുള്ള പെര്‍ഫോമന്‍സ് മഞ്ഞപ്പടയില്‍ നിന്നും ഉണ്ടായില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കളത്തില്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ എടികെ മുന്നിലായി. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരങ്ങളായ ഇയാന്‍ ഹ്യൂമും ദിമിറ്റര്‍ ബെര്‍ബറ്റോവും നയിച്ച മുന്നേറ്റ നിരയ്ക്ക് കൊല്‍ക്കത്തയുടെ ബലം പ്രതിരോധിക്കാനായില്ല. രണ്ട് ടീമുകളും കാര്യമായ ഗോളുകള്‍ നേടാത്ത മത്സരത്തില്‍ ആര്‍ക്കും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. അരുപത്തിയോന്‍പതാമത്തെ മിനിട്ടില്‍ മധ്യനിര താരം സാന്റോസ് ബ്രാങ്കോയുടെ ഷോട്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ പോസ്റ്റില്‍ തട്ടി മടങ്ങി. സൂപ്പര്‍ ലീഗിലെ സൂപ്പര്‍ മുന്നേറ്റനിരയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബെര്‍ബറ്റോവ്, ഹ്യൂം, വിനീത് എന്നീ താരങ്ങള്‍ക്ക് കാണികളെ വേണ്ട വിധം ആവേശത്തിലാക്കാന്‍ സാധിച്ചില്ല. അതേസമയം, ഘാനന്‍ താരം പെകുസന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എടികെയ്ക്കു വേണ്ടി ഹിതേഷ് ശര്‍മ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇടതു ഫുള്‍ബാക്ക് ബംഗളൂരു എഫ്‌സി മുന്‍ താരം കീഗന്‍ പരേര വിങ്ങിലൂടെ കയറി വന്ന് ക്രോസുകള്‍ നല്‍കിക്കൊണ്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ഗോളി സ്റ്റീഫന്‍ റച്ച്ബുക്കയുടെ മികച്ച സേവുകളാണ് മഞ്ഞപ്പടയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം വെസ് ബ്രൗണിന് പരിക്കായതിനാല്‍ സെര്‍ബിയന്‍ താരം ലാക്കിച്ച് പെസിക്കിനായിരുന്നു ജിങ്കാനൊപ്പം പ്രതിരോധ ചുമതല. മധ്യനിരയില്‍ അരാട്ട ഇസുമിയും മിലന്‍ സിങ്ങും കാര്യമായ സംഭാവന ടീമിനു നല്‍കാന്‍ സാധിച്ചില്ല.


മൂന്ന് സീസണ്‍ കഴിഞ്ഞു നാലാം സീസണെത്തിയിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് ഇങ്ങനെ മതിയോയെന്ന ചോദ്യവുമായാണ് ആരാധകരുടെ മടക്കം. പക്ഷെ എന്നിരുന്നാലും ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലാതെ മുന്നേറികൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. 38,000 ഓളം ആരാധകരാണ് ഐഎസ്എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന മത്സരം കാണാന്‍ കൊച്ചി സ്റ്റേഡിയത്തിലെത്തിയത്. ഈ മാസം 24ന് ജംഷഡ്പൂര്‍ എഫ്‌സിയുമായാണ് ബ്ലാസറ്റേഴ്‌സിന്‍റെ അടുത്ത മത്സരം.