ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
മുന്‍ ഐപിഎൽ ക്രിക്കറ്റ് ടീമായ കൊച്ചി ടസ്കേഴ്സിന് 850 കോടി രൂപ നല്‍കണമെന്ന് ബിസിസിഐയോട് കോടതി. നേരത്തെ ടീമിന് തിരിച്ചുനല്‍കണമെന്ന്‍ ആവശ്യപ്പെട്ട 550 കോടി രൂപ നല്‍കുന്നതില്‍ ബിസിസിഐ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പുതിയ വിധി.
മുംബൈ: മുന്‍ ഐപിഎൽ ക്രിക്കറ്റ് ടീമായ കൊച്ചി ടസ്കേഴ്സിന് 850 കോടി രൂപ നല്‍കണമെന്ന് ബിസിസിഐയോട് കോടതി. നേരത്തെ ടീമിന് തിരിച്ചുനല്‍കണമെന്ന്‍ ആവശ്യപ്പെട്ട 550 കോടി രൂപ നല്‍കുന്നതില്‍ ബിസിസിഐ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പുതിയ വിധി.
2015ലാണ് കൊച്ചി ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേറ്റർ വിധിച്ചത്. പണം നല്‍കിയില്ലെങ്കില്‍ പ്രതിവർഷം 18 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ 850 കോടി രൂപയായി ഉയര്‍ന്നത്.
ഐപിഎല്‍ ഭരണ സമിതിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ടീമുകള്‍ എല്ലാ വര്‍ഷവും ബാങ്ക് ഗ്യാരന്റി പുതുക്കേണ്ടതുണ്ട്. 156 കോടി രൂപയാണ് ബാങ്ക് ഗ്യാരണ്ടി. അടുത്ത പത്തു വര്‍ഷം ഇതുപോലെ ഗ്യാരണ്ടി തുക നല്‍കണം. ഇതില്‍ കുടിശിക വരുത്തിയതിനാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നു 2011ല്‍ കൊച്ചി ടസ്‌കേഴ്സിനെ പുറത്താക്കിയത്. ഇതിനെതിരെ ടസ്‌കേഴ്സ് ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ബിസിസിഐയുടേതു തെറ്റായ തീരുമാനമെന്നു കൊച്ചി ടീം ഉടമകളിലൊരാളായ മുകേഷ് പട്ടേല്‍ അന്നുതന്നെ പ്രതികരിച്ചിരുന്നു. സെപ്റ്റംബര്‍ 26 വരെ ബാങ്ക് ഗ്യാരന്റി നല്‍കാന്‍ സമയമുണ്ടായിരുന്നുവെന്നും അതിനോടകം തുക നല്‍ക്കാന്‍ തയാറെടുത്തുവരുകയായിരുന്നുവെന്നും മുകേഷ് പട്ടേല്‍ പറഞ്ഞു.