ISL : ബെംഗളൂരു എഫ് സി ഐഎസ്എൽ ഫൈനലിൽ; പെനാൽറ്റിയിൽ മുംബൈ സിറ്റിയെ തോൽപ്പിച്ചു
ISL 2022-23 Final : പെനാൽറ്റി ഷൂട്ട്ഔട്ടിലെ ടൈ ബ്രേക്കറിലൂടെയാണ് ബെംഗളൂരു എഫ് സി ഐഎസ്എല്ലിന്റെ ഫൈനലിൽ പ്രവേശിച്ചത്
ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ ഫൈനലിൽ പ്രവേശിച്ച് ബെംഗളൂരു എഫ് സി. ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ചാണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശനം. ഇരുപാദങ്ങളിലായി 2-2 എന്ന നിലയിൽ മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചപ്പോൾ കളി അധിക സമയത്തേക്ക് നീണ്ടു. തുടർന്നും വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്ക് സാധിക്കാതെ വന്നപ്പോൾ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. ടൈ ബ്രേക്കറിലൂടെയാണ് ബിഎഫ്സി ജേതാക്കളായത്. ഇത് മൂന്നാം തവണയാണ് ബെംഗളൂരു എഫ് സി ഐഎസ്എല്ലിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഒരു തവണ കപ്പും ഉയർത്തിട്ടുണ്ട്.
ആദ്യപാദത്തിൽ ടോബിൾ ടോപ്പേഴ്സിനെ 0-1ത്തിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിഎഫ്സി ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. എന്നാൽ മുംബൈയുടെ ആക്രമണത്തിന് മുന്നിൽ ബെംഗളൂരുവിന്റെ പ്രതിരോധം പലപ്പോഴായി പരീക്ഷണത്തിന് വിധേയരായി. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗ്രെഗ് സ്റ്റുവെർട്ട് നഷ്ടപ്പെടത്തിയത് മുംബൈയെ ആദ്യമൊന്ന് വലച്ചു. തുടർന്ന് 22-ാം മിനിറ്റിൽ ജാവി ഫെർണ്ടിസിലൂടെ ബിഎഫ്സി തങ്ങളുടെ അഗ്രിഗേറ്റ് സ്കോറിലെ ലീഡ് രണ്ടായി ഉയർത്തി.
അതേസമയം പന്ത് അടക്കി വെച്ച് മുംബൈ മത്സരത്തിന്റെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി 30-ാം മിനിറ്റിൽ ബിപിൻ സിങ്ങിലൂടെ ആദ്യ ഗോൾ കണ്ടെത്തി. പിന്നീട് ആദ്യപകുതിയിൽ മുഴുവൻ മുംബൈ സർവാധിപത്യം സൃഷ്ടിച്ച് മത്സരത്തിൽ ലീഡ് നേടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പ്രതിരോധ താരം മെഹ്താബ് സിങ്ങിലൂടെ അഗ്രിഗേറ്റിൽ സമനില പിടിച്ചു. ശേഷം മത്സരം 90 മിനിറ്റും പിന്നിട്ട് അധിക സമയത്തേക്ക് നീണ്ടെങ്കിലും ഇരു ടീമിനും വിജയ ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ശേഷം റഫറി പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് ബിഎഫ്സിയും മുംബൈയും നയിക്കുകയായിരുന്നു.
ആദ്യം ലഭിച്ച് അഞ്ച് കിക്കുകളും ഇരു ടീമിലെ താരങ്ങൾ വലയിൽ എത്തിച്ചു. തുടർന്ന് ടൈ ബ്രേക്കിറിലേക്ക് പ്രവേശിച്ച് ഷൂട്ട്ഔട്ട് 8-8 നിലയിൽ നിൽക്കുമ്പോൾ എംസിഎഫ്സി താരം മെഹ്താബ് സിങ്ങ് പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു. തുടർന്ന് സന്ദേഷ് ജിങ്കനെത്തി ബിഎഫ്സിയുടെ വിജയ ഗോൾ കണ്ടെത്തി. 9-8 എന്ന നിലയിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് ബെംഗളൂരു എഫ് സിയുടെ ഫൈനൽ പ്രവേശനം.
നാളെയാണ് എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ് സെമി ഫൈനൽ പോരാട്ടത്തിന്റെ രണ്ടാംപാദ മത്സരം. നിലവിലെ ചാമ്പ്യന്മാരായ എച്ച്എഫ്സിയുടെ തട്ടകത്തിൽ വെച്ച് നടന്ന് ആദ്യപാദ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. നാളെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിലെ വിജയികളാകും ഫൈനലിൽ ബെംഗളൂരുവിന്റെ എതിരാളി. മാർച്ച് 18ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഐഎസ്എൽ 2022-23 സീസണിന്റെ ഫൈനൽ മത്സരം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...