Tokyo Paralympics: പാരാലിമ്പിക്സിൽ ചരിത്രം; ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ ഫൈനലിൽ
വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ തോറ്റശേഷം തുടർച്ചയായി നാല് മത്സരങ്ങളിൽ വിജയം നേടി ഫൈനലിൽ കടന്നാണ് മുപ്പത്തിനാലുകാരി ഭാവിന മെഡൽ ഉറപ്പിച്ചത്.
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ (Tokyo Paralympics) ആദ്യ മെഡൽ (Medal) ഉറപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നീസ് (Table Tennis) താരം ഭവിന പട്ടേല്‍ (Bhavina Patel) പാരാലിമ്പിക്‌സിന്റെ ഫൈനലില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്സില്‍ ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ ഉറപ്പിക്കുന്നതും.
ക്ലാസ് ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്താണ് ഭാവിന ഫൈനലിൽ കടന്നത്. മത്സരം 34 മിനിട്ട് നീണ്ടു നിന്നു. റിയോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മിയാവോ.
ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിൻ്റുകൾക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരികെ വന്ന ഭവന ഇതേ സ്കോറിന് മിയാവോയെ തോൽപിച്ചു. മൂന്നാം സെറ്റിൽ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്കോറിനാണ് വിജയിച്ചത്. നാലാം സെറ്റിൽ 9നെതിരെ 11 പോയിൻ്റുകൾ നേടിയ മിയാവോ ഇന്ത്യൻ താരത്തിനൊപ്പം പിടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ 8നെതിരെ 11 പോയിൻ്റുകൾ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറി.
ഫൈനലില്‍ ചൈനയുടെ (China) ഷൗ യിങ്ങിനെയാണ് (Zhou Ying) താരം നേരിടുക. നാളെ ഇന്ത്യൻ സമയം പുലർച്ചെ 7.15ന് മത്സരം നടക്കും. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭവിനയെ കീഴടക്കിയിരുന്നു. 34 കാരിയായ ഭവിന അഹമ്മദാബാദ് (Ahmedabad) സ്വദേശിനിയാണ്. ഫൈനലില്‍ വിജയം നേടിയാല്‍ ഭവിനയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടമാണ്. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം താരത്തിന് സ്വന്തമാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...