ന്യൂ ഡൽഹി : ഫിഫ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) മുന്നിൽ ആകെയുള്ള വഴി സംഘടന തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. എഐഎഫ്എഫ് അധ്യക്ഷൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് ജനാധിപത്യപരമായി വോട്ടെടുപ്പ് നടത്തിയ പുതിയ ഭരണസമിതി നിയമിച്ചാൽ മാത്രമെ ഫിഫ വിലക്കിൽ നിന്നും ഇന്ത്യൻ ഫുട്ബോളിന് മറികടക്കാൻ സാധിക്കുക. എഐഎഫ്എഫ് അധ്യക്ഷ സ്ഥാനത്തേക്ക് 10 നാമനിർദേശങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്. അതിൽ മൂന്ന് പേര് മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ കൂടിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ, യൂജിൻസൺ ലിങ്ഡോ, ഗോൾകീപ്പറായിരുന്ന കല്യാൺ ചൗബെ എന്നീ മുൻ ഫുട്ബോൾ താരങ്ങളാണ് എഐഎഫ്എഫിന്റെ തലപ്പത്തേക്കെത്താൻ നേർക്കുനേരെത്തുന്നത്. ബൂട്ടിയെ സഹതാരമായിരുന്ന ദീപക് മണ്ഡലാണ് പിന്താങ്ങിയത്. ഇന്നലെ ഓഗസ്റ്റ് 19 വെള്ളിയാഴ്ചയായിരുന്നു നാമനിർദേശം നൽകേണ്ട അവസാന തീയതി. മുൻ ഇന്ത്യൻ മധ്യനിര താരമായിരുന്ന ലിങ്ഡോ മേഘാലയിൽ യുഡിപി പാർട്ടിയുടെ നിയമസഭ അംഗവും കൂടിയാണ്. മേഘാലയ ഫുട്ബോൾ അസോസിയേഷനാണ് ലിങ്ഡോയുടെ പേര് നിർദേശിച്ചിരിക്കുന്നത്. ബിജെപി പ്രവർത്തകനായ മുൻ ഇന്ത്യൻ  ഗോൾകീപ്പറുടെ പേര് നിർദേശിച്ചിരിക്കുന്നത് ഗുജറാത്ത് ഫുട്ബോൾ അസോസിയേഷനാണ്.


ALSO READ : FIFA Ban : ഫിഫ വിലക്കിൽ ബ്ലാസ്റ്റേഴ്സിന് യുഎഇയിൽ തിരിച്ചടി; പ്രീ-സീസൺ മത്സരങ്ങൾ എല്ലാം റദ്ദാക്കി


ഇവരെ കൂടാതെ മലയാളിയായ ഷാജി പ്രഭാകരനും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഡൽഹി ഫുട്ബോൾ അസോസിയേഷനാണ് ഷാജിയുടെ പേര് നിർദേശിച്ചിരിക്കുന്നത്. ഫിഫയുടെ മുൻ ദക്ഷിണ മധ്യേഷ്യയുടെ ഡവലെപ്പ്മെന്റ് ഓഫീസറായിരുന്നു ഷാജി. നിലവിൽ ഡൽഹി ഫുട്ബോൾ അസേസിയേഷൻ പ്രസിഡന്റാണ്. കേരളത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. 


ഇവരെ കൂടാതെ എൻഎ ഹാരിസ് (കർണാടക ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്) ഗോപാലകൃഷ്ണ കൊസരാജു (ആന്ധ്ര ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്) സെയ്ദ് ഇംതിയാസ് ഹുസൈൻ (ബിഹാർ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി), അജിത് ബാനർജി (ഐഎഫ്എ പ്രസിഡന്റ്), മാനവേന്ദ്ര സിങ് (രാജസ്ഥാൻ എംഎൽഎ), വലങ്ക അലേമാവ് (ചർച്ചിൽ ബ്രദേഴ്സ് സിഇഒ) എന്നിവരാണ് എഐഎഫ്എഫ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശം നൽകിയത്. 


ALSO READ : FIFA Ban : ഫിഫ വിലക്ക്; അണ്ടർ-17 ലോകകപ്പ് മത്രമല്ല; ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഐഎസ്എൽ ടീമുകളുടെ സൈനിങ് അനിശ്ചിതത്വത്തിൽ; ഗോകുലത്തിനും തിരിച്ചടി


അഗസ്റ്റ് 16നാണ് ഫിഫ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് വിലക്കേർപ്പെടുത്തുന്നത്. ഫെഡറേഷന്റെ ഭരണം മൂന്നാംകക്ഷി ഏറ്റെടുത്തത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടത്തെലുകളെ തുടർന്നാണ് വിലക്ക് നടപടി. എഐഎഫ്എഫിന്റെ തിരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കുന്ന എന്ന പരാതിയെ തുടർന്ന് സുപ്രീം കോടതി പ്രത്യേക സമിതി രൂപീകരിച്ച് ഫെഡറേഷന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇത് ഫിഫ അംഗീകരിക്കാതെ വന്നതോടെയാണ് വിലക്ക് നടപടികൾ ഉടലെടുത്തത്. 


ഓഗസ്റ്റ് 28നാണ് തിരഞ്ഞെടുപ്പ് നടത്തുക. ഫിഫ വിലക്കിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി അടിയന്തരമായി കേസ് പരിഗണിച്ചിരുന്നു. ഏത് വിധേനയും വലിക്ക് നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്ന് കായിക മന്ത്രാലയത്തോടെ സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഉടൻ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമാക്കുകയും ഫിഫയുടെ അധികാരികളുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രാലയം നിശ്ചയിക്കുകയും ചെയ്തു. കൂടാതെ എഎഫ്സി കപ്പിന് യോഗ്യത നേടിയ എടികെ മോഹൻ ബഗാൻ, ഗോകുലം കേരള എഫ്സിയുടെ വനിതാ ടീമുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കായിക മന്ത്രാലയം ഫിഫയ്ക്ക് കത്തെഴുതുകയും ചെയ്തു. ഓഗസ്റ്റ് 22ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നതാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.