ആദ്യമായി സെമിയില്‍ എത്തിയ ആവേശം പക്ഷെ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് കളിക്കളത്തില്‍ കാണിക്കാനായില്ല, മറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിരിച്ചു വരവില്‍ ആവേശം കൊണ്ട റയല്‍റയല്‍ മഡ്രിഡ് തങ്ങളുടെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ പരാജയപ്പെടുത്തി. ഫൈനലില്‍ അവരുടെ എതിരാളി അയല്‍ക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ്‌. 2014 ലിസ്ബൺ ഫൈനലിന്‍റെ തനിയാവർത്തനം. അന്ന് 4-1ന് റയല്‍ മഡ്രിഡാണ് കളി ജയിച്ചത്‌. ഇൻജുറി ടൈമിൽ നേടിയ സമനില ഗോളിൽ കളി അധികസമ‌യത്തേക്കു നീട്ടിയപ്പോളാണ് കളി റയല്‍ന് അനുകൂലമായത്.ഇപ്പോഴിതാ അത്‌ലറ്റിക്കോ മാഡ്രിഡിന് പകരം വീട്ടാന്‍ നല്ലൊരു അവസരം വീണ്ടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും അവസരം കിട്ടിയിട്ടും മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് പൂര്‍ണമായും അതു ഉപയോഗിക്കാന്‍ സാധിച്ചില്ല ചാംപ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ മാത്രം അർഹരല്ല തങ്ങളെന്ന രീതിയിലാണ്‌ സിറ്റി കളിച്ചിരുന്നത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ക്യാപ്റ്റൻ വിൻസന്റ് കോംപനി പരുക്കേറ്റ് പുറത്ത് പോയത് സിറ്റിക്കു വലിയ തിരിച്ചടിയായി. കൂടാതെ റയൽ പകുതിയിൽ സെർജിയോ അഗ്യൂറോ ഒറ്റപ്പെട്ടു നടന്നു. ആദ്യപാദത്തിന്‍റെ അവസാനഘട്ടത്തിലാണ് അവര്‍ക്ക് സുവർണാവസരം ലഭിച്ചത്. നിര്‍ഭാഗ്യവശാല്‍ ഫെർണാണ്ടിഞ്ഞോയുടെ ഷോട്ട്  പോസ്റ്റിന്‍റെ താഴെയിടിച്ചു മടങ്ങി.ആദ്യപാദം ഗോള്‍രഹിതസമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയെത്തിയത് റയലിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇരുപതാംമിനിറ്റില്‍ ഗാരെത് ബെയ്‌ലിന്‍റെ ഷോട്ട് സിറ്റി താരം ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടോയുടെ മേലില്‍തട്ടി വലയിലെത്തിയാതോടെ റയലിന്‍റെ ആത്മവിശ്വാസം പിന്നെയും കൂടി. ക്രിസ്റ്റ്യാനോയ്ക്ക് പക്ഷെ ഗോള്‍ അടിക്കാന്‍ സാധിച്ചില്ല.  


ഒറ്റ ഗോളിന്‍റെ മികവില്‍ ഏറെ നേരം പോകാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ റയല്‍ രണ്ടാമത്തെ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. മറുഭാഗത്ത്‌ സിറ്റിയും പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.കളി കഴിഞ്ഞു സ്കോർ ബോർ‍‍ഡിലേക്ക് ഒന്നു മനസ്സിരുത്തി നോക്കിയപ്പോൾ അവരെ വലിയ നഷ്ടബോധം അലട്ടിയിട്ടുണ്ടാകും. അത് സിറ്റിയുടെ കോച്ച് മാനുവൽ പെല്ലഗ്രിനിയുടെ ഞങ്ങള്‍ തോല്‍വി അര്‍ഹിച്ചിരുന്നില്ല എന്ന പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്‌. ഈ മാസം 28ന് മിലാനിലാണ് റയൽ–അത്‌ലറ്റിക്കോ ഫൈനല്‍ പോരാട്ടം.