സ്വന്തം തട്ടകത്തില്‍ ചെന്നൈയിന് എഫ്സിക്ക് സീസണിലെ ആദ്യ ജയം
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്ക് സ്വന്തം തട്ടകത്തിൽ തകർപ്പൻ വിജയം. ആദ്യമൽസരത്തിലെ തോൽവിയിൽനിന്ന് ശക്തമായി തിരിച്ചുവന്ന ചെന്നൈയിൻ എഫ്സി എണ്ണംപറഞ്ഞ മൂന്നുഗോളുകള്‍ക്ക് നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെയാണ് തോൽപ്പിച്ചത്. മൽസരത്തിൽ ഇരു ടീമുകളും തുടക്കംമുതൽക്കേ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ലഭിച്ച അവസരങ്ങൾ ഗോളാക്കിയതാണ് മുൻജേതാക്കളായ ചെന്നൈയിന് മികച്ച വിജയം സമ്മാനിച്ചത്.
മലയാളി താരം മുഹമ്മദ് റാഫി, റാഫേൽ എന്നിവർ ചെന്നൈയിനുവേണ്ടി ലക്ഷ്യം കണ്ടപ്പോൾ മൽസരത്തിലെ ആദ്യ ഗോൾ നോർത്ത്ഈസ്റ്റിന്‍റെ മലയാളി താരം അബ്ദുൽ ഹക്കുവിന്‍റെ ദാനമായിരുന്നു. മൽസരത്തിന്‍റെ പതിനൊന്നാം മിനിട്ടിൽ റാഫേൽ തൊടുത്ത ഷോട്ട് ഹക്കുവിന്‍റെ ശരീരത്ത് തട്ടി ഗോളാകുകയായിരുന്നു. ഇരുപത്തിനാലാം മിനിട്ടിൽ റാഫേൽ ലക്ഷ്യം കണ്ടതോടെ ചെന്നൈയിന്‍ 2-0ന് മുന്നിലെത്തി. നോർത്ത്ഈസ്റ്റ് പ്രതിരോധത്തിലെ വിള്ളലാണ് റാഫേൽ മുതലാക്കിയത്. മൽസരം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെയാണ് റാഫിയുടെ ഗോൾ പിറന്നത്. ഇതോടെ ചെന്നൈയിന്‍റെ പട്ടിക തികഞ്ഞു. മൽസരത്തിന്‍റെ രണ്ടാം പകുതിയിൽ ഗോള്‍ മടക്കാനുള്ള നോർത്ത്ഈസ്റ്റിന്‍റെ ശ്രമം മൽസരം ആവേശകരമാക്കി. ഹീറോ ഓഫ് ദ മാച്ച് ആയി ചെന്നൈയിൻ സൂപ്പർതാരം റാഫേൽ അഗസ്റ്റോയെ തെരഞ്ഞെടുത്തു. മൊമന്റ് ഓഫ് ദ മാച്ച് പുരസ്‌ക്കാരം മൊഹമ്മദ് റാഫി സ്വന്തമാക്കി. ആദ്യമൽസരത്തിൽ എഫ് സി ഗോവയോട് തോറ്റ ചെന്നൈയിൻ എഫ് സി ഈ വിജയത്തോടെ രണ്ടു കളികളിൽനിന്ന് മൂന്നാം പോയിന്റുമായി ലീഗിൽ ഒന്നാമതാണ്. ആദ്യ മൽസരത്തിൽ സമനിലയിൽ കുടുങ്ങിയ നോർത്ത്ഈസ്റ്റ് ഒരു പോയിന്റുമായി ലീഗിൽ എട്ടാമതാണ്.