പാകിസ്ഥാനി താരത്തിന്റെ റെക്കോര്‍ഡ് തിരുത്തി ഗെയ്ല്!!
524 മത്സരങ്ങളില്‍ നിന്ന് 476 സിക്സുകളായിരുന്നു അഫ്രീദിയുടെ റെക്കോര്‍ഡ്.
ബ്രിഡ്ജ്ടൗൺ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇനി വിന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലിന് സ്വന്തം.
കെന്സി൦ഗ്ടണ് ഓവലില്‍ ഇംഗ്ലണ്ടിനെതിരായി നടന്ന ഒന്നാം ഏകദിന മത്സരത്തിലാണ് ഗെയ്ല് റെക്കോഡ് പ്രകടനം കാഴ്ച വെച്ചത്.
വെടിക്കെട്ട് ബാറ്റി൦ഗിലൂടെ പാക്കിസ്ഥാന് താരം ഷാഹിദ് അഫ്രീദി സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ക്രിസ് ഗെയ്ല് തിരുത്തിയിരിക്കുന്നത്. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖാപിച്ച ശേഷമായിരുന്നു ഗെയ്ലിന്റെ റെക്കോര്‍ഡ് പ്രകടനം.
പന്ത്രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പടെ 129 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത് ഗെയ്ല് റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും ആറു വിക്കറ്റിന് വിന്‍ഡീസ് മത്സരം തോറ്റു.
റഷീദ് എറിഞ്ഞ നാല്പത്തിനാലാം ഓവറിന്റെ അവസാന പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് ഗെയ്ല് അഫ്രീദിയെ മറികടന്ന് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
524 മത്സരങ്ങളില്‍ നിന്ന് 476 സിക്സുകളായിരുന്നു അഫ്രീദിയുടെ റെക്കോര്‍ഡ്. 444 മത്സരങ്ങളില്‍ 477 സിക്സുകളുമായാണ് ഗെയ്ല് റെക്കോര്‍ഡ് തിരുത്തിയത്. 285 ഏകദിന മത്സരങ്ങളില്‍ നിന്ന് 276, 56 ട്വന്റി 20കളില്‍ നിന്ന് 103, 103 ടെസ്റ്റുകളില്‍ നിന്ന് 98 എന്നിങ്ങനെയാണ് ഗെയ്ലിന്റെ സിക്സറുകള്‍.
352 സിക്സുകള്‍ സ്വന്തമായ കിവീസ് ബാറ്റ്സ്മാന് ബ്രണ്ടന്‍ മക്കല്ല൦ സിക്സറുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തും 349 സിക്സറുകളുമായി ഇന്ത്യയുടെ രോഹിത് ശര്‍മയാണ് നാലാ൦ സ്ഥാനത്തുമാണ്.
ലോകകപ്പിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് 39 കാരനായ ഗെയ്ലിനെ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെതരായ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരായ ഹോം സീരീസിലാണ് ഗെയ്ല് അവസാനമായി വിന്‍ഡീസിനു വേണ്ടി കളിച്ച മത്സരം.