കോമണ്‍വെല്‍ത്ത് ഗെയിംസ് 2018: സാരിയിലല്ല, ഉദ്ഘാടന ചടങ്ങില്‍ കോട്ടും സ്യൂട്ടുമണിഞ്ഞെത്തും വനിതാ താരങ്ങള്‍
2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ദിന പരേഡില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് പുതിയ വേഷം.
ന്യൂഡല്‍ഹി: 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ദിന പരേഡില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് പുതിയ വേഷം.
ഇതുവരെ തുടര്‍ന്നുവന്നിരുന്ന പരമ്പരാഗത വേഷമായ സാരി മാറ്റി പകരം കോട്ടും സ്യൂട്ടും അണിഞ്ഞായിരിക്കും ഇത്തവണ വനിതാ താരങ്ങള്‍ പരേഡില്‍ പങ്കെടുക്കുക. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷ വനിതാ താരങ്ങള്‍ അണിയുക.
നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാരി ഉടുത്തു നില്‍ക്കുകയെന്നത് പ്രയാസകരമാണെന്ന വനിതാ താരങ്ങളുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത വ്യക്തമാക്കി. അതുകൂടാതെ ഇത്തവണ പുരുഷ വനിതാ താരങ്ങള്‍ക്ക് ഒരേ വേഷമായിരിക്കുംമെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രില്‍ 4നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുക. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുക.