Copa America 2024: കോപ്പ അമേരിക്ക 2024; ചിലിയെ തകർത്ത് അര്‍ജന്റീന ക്വാർട്ടറിൽ
Copa America 2024 Arg vs Chile: പരിചയ സമ്പന്നനായ ചിലിയൻ ഗോൾ കീപ്പർ ക്ലാഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകളാണ് ചിലിയെ കനത്ത തോൽവിയിൽ നിന്ന് രക്ഷിച്ചത്.
ന്യൂയോർക്ക്: കോപ്പ അമേരിക്ക ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ. ചിലിക്ക് എതിരായ നിർണായക മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചതോടെയാണ് മെസ്സിപ്പട ക്വാർട്ടർ ഉറപ്പിച്ചത്. 88-ാം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനെസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.
ചിലിക്കെതിരെ അർജന്റീന സമ്പൂർണ ആധിപത്യം പുലർത്തുന്നതാണ് മത്സരത്തിലുടനീളം കാണാനായത്. പരിചയ സമ്പന്നനായ ചിലിയൻ ഗോൾ കീപ്പർ ക്ലാഡിയോ ബ്രാവോയുടെ തകർപ്പൻ സേവുകളാണ് അർജന്റീനയുടെ വിജയം ഒരു ഗോളിൽ ഒതുക്കിയത്. ലയണൽ മെസിയും ജൂലിയൻ അൽവാരസുമെല്ലാം നിരന്തരം ചിലിയുടെ പ്രതിരോധ നിരയെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. ചിലിയുടെ ഗോൾ പോസ്റ്റിലേയ്ക്ക് 22 ഷോട്ടുകളാണ് അർജന്റീന താരങ്ങൾ പായിച്ചത്. എന്നാൽ, വെറും മൂന്ന് ഷോട്ടുകൾ മാത്രമേ ചിലിക്ക് അർജന്റീനയുടെ ഗോൾ പോസ്റ്റിലേയ്ക്ക് തൊടുക്കാൻ സാധിച്ചുള്ളൂ. മത്സരത്തിന്റെ 62 ശതമാനം സമയവും പന്ത് അർജന്റീനയുടെ പക്കലായിരുന്നു.
ALSO READ: ആവേശപ്പോരിൽ അഫ്ഗാന് ജയം, ബംഗ്ലാദേശിനെ തകർത്തു; ഓസ്ട്രേലിയ പുറത്ത്
ആദ്യ പകുതിയ്ക്ക് സമാനമായി രണ്ടാം പകുതിയിലും മെസിയും സംഘവും ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ, കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനായ ബ്രാവോ തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ എട്ട് സേവുകളാണ് നടത്തിയത്. 41-ാം വയസ്സിലും പോരാട്ട വീര്യം ചോരാത്ത ഗോൾ കീപ്പറാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ബ്രാവോയുടേത്. ബാഴ്‌സലോണയിലെ സഹതാരങ്ങളായിരുന്ന മെസിയും ബ്രാവോയും തമ്മിലുള്ള പോരാട്ടം കാണികൾക്ക് ആവേശമായി മാറി.
62-ാം മിനിട്ടിൽ മെസിയുടെ പാസിൽ നിന്ന് നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് ചിലിയുടെ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. തുടർന്നും ആക്രമണം അഴിച്ചുവിട്ടുകൊണ്ടേയിരുന്ന അർജന്റീനയുടെ ശ്രമങ്ങൾ 88-ാം മിനിട്ടിൽ ഫലം കണ്ടു. മെസി നീട്ടി നൽകിയ കോർണർ കിക്കിൽ നിന്ന് ലഭിച്ച റീബൗണ്ട് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന മാർട്ടിനസ് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അർജന്റീനയുടെ ആരാധകരാൽ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയം ആവേശക്കൊടുമുടിയിലെത്തി.
തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയിൽ അർജന്റീന ഒന്നാം സ്ഥാനത്ത് എത്തി. ആദ്യ മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന തകർത്തിരുന്നു. രണ്ട് മത്സരങ്ങളിൽ ഒരു വിജയം സ്വന്തമാക്കിയ കാനഡയാണ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്ത്. ജൂൺ 30ന് നടക്കുന്ന അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy