യൂറോ കപ്പില്‍ ചെറുടീമുകള്‍ നടത്തുന്ന അട്ടിമറികള്‍ കണ്ട് ഞെട്ടിച്ചരിച്ചിരിക്കുന്ന ഫുട്‌ബോള്‍ പ്രേമികള്‍ മറ്റൊരു ഞെട്ടലിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ നേരിടാന്‍ കാനഡ എത്തിയപ്പോള്‍ ആയിരുന്നു അത്. തങ്ങളുടെ ആദ്യ കോപ്പ അമേരിക്ക മത്സരത്തില്‍ തന്നെ കാനഡ തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു. അര്‍ജന്റീനയോട് ഏകപക്ഷീയമായ രണ്ട് ഗോളിന് കീഴടങ്ങിയെങ്കിലും, ഫുട്‌ബോള്‍ പ്രേമികള്‍ ആരും കാനഡയുടെ പ്രകടനം മറക്കാനിടയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് അറ്റ്‌ലാന്റയില്‍ നേരിടേണ്ടിയിരുന്നത് 49-ാം സ്ഥാനക്കാര്‍ ആയിരുന്ന കാനഡയെ ആയിരുന്നു. അതും കോപ്പയിലെ അവരുടെ കന്നി പോരാട്ടം. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിക്കുന്ന കളി പുറത്തെടുത്ത കാനഡ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കഴിഞ്ഞ ലോകകപ്പില്‍ സൗദിയോട് ഏറ്റതുപോലെ ഒരു പരാജയം കോപ്പയില്‍ കൂടി അര്‍ജന്റീന നേരിടുമോ എന്ന് പോലും ആരാധകരെ സംശയിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.


നിലിവലെ ലോകകപ്പ് വിജയികള്‍, കോപ്പ അമേരിക്ക വിജയികള്‍, ഫിഫ ഒന്നാം റാങ്കുകാര്‍ തുടങ്ങിയ തൂവലുകള്‍ കിരീടത്തിലേറി എത്തിയ അര്‍ജന്റീനയെ, ഒരു താരപരിവേഷവും ഇല്ലാത്ത കാനഡ തുടക്കത്തിലേ ഞെട്ടിച്ചു. പ്രതിരോധം കൊണ്ടായിരുന്നില്ല അത്, മറിച്ച് ആക്രമണങ്ങള്‍ കൊണ്ടായിരുന്നു. ലഭിച്ച അവസരങ്ങള്‍ മുതലാക്കുന്നതില്‍ അര്‍ജന്റീന പരുങ്ങിയപ്പോള്‍ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. കനേഡിയന്‍ ഗോള്‍ കീപ്പര്‍ മാക്‌സിം  ക്രപ്യു ഒരു വന്‍മതിലായി മാറുന്ന കാഴ്ചയും കണ്ടു. 


മെസ്സിയുടേയും ഡി മരിയയുടേയും ചില നേരിയ മുന്നേറ്റങ്ങള്‍ മാത്രമായിരുന്നു ലോക ചാമ്പ്യന്‍മാരുടെ ആരാധകരെ സംബന്ധിച്ച് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. ഇതിനിടെ ആദ്യപകുതിയുടെ അവസാന മിനിട്ടുകളില്‍ കനേഡിയന്‍ മുന്നേറ്റനിര അര്‍ജന്റീനയുടെ വലകുലുക്കിയെന്ന് ഏറെക്കുറേ ഉറപ്പിച്ച മട്ടില്‍ ഒരു ആക്രമണം നടത്തി. കൃത്യമായി പറഞ്ഞാല്‍ 42-ാം മിനിട്ടില്‍. കനേഡിയന്‍ താരമായ സ്റ്റെഫാന്‍ എസ്റ്റക്യു തൊടുത്തുവിട്ട ഹെഡ്ഡര്‍ അര്‍ജന്റീനയുടെ ഗോളി എമിലിയാനോ മാര്‍ട്ടിനസ് തട്ടികയകറ്റി. ഒരു റീബൗണ്ടിലൂടെ തിരിച്ചടിയ്ക്കാന്‍ കാനഡ ശ്രമിച്ചെങ്കിലും, ഭാഗ്യം അര്‍ജന്റീനയ്‌ക്കൊപ്പം ആയിരുന്നു. 


ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ അവസരം നഷ്ടപ്പെടുത്തിയ ജൂലിയന്‍ അല്‍വാരസ് അതിന്റെ കണക്ക് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തീര്‍ക്കുന്നതിനും അറ്റ്‌ലാന്റയിലെ സ്റ്റേഡിയം സാക്ഷിയായി. 49-ാം മിനിട്ടില്‍ അല്‍വാരസിലൂടെ ആദ്യ ഗോള്‍ അര്‍ജന്റീന സ്വന്തമാക്കി. ആ ഗോളിന് പിന്നിലും മെസ്സിയുടെ കാലുകള്‍ ഉണ്ടായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതേ മെസ്സി 65-ാം മിനിട്ടില്‍ ലഭിച്ച ഒരു അവസരം തുലയ്ക്കുകയും ചെയ്തു. 79-ാം മിനിട്ടില്‍ മെസ്സി ഇത് ആവര്‍ത്തിക്കുകയും ചെയ്തു.


ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം കാനഡ പ്രതിരോധത്തിലേക്ക് പിന്‍വാങ്ങുകയല്ല ചെയ്തത്. അവര്‍ അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. പക്ഷേ, ഗോള്‍വലകുലുക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ 88-ാം മിനിട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനസ് ആണ് രണ്ടാം ഗോള്‍ നേടിയത്. ഈ ഗോളും മെസ്സിയുടെ അസിസ്റ്റില്‍ ആയിരുന്നു പിറന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.