ടെക്സാസ്∙ കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ആതിഥേയരായ യുഎസിനെ തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചു. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ലയണല്‍ മെസ്സി സ്വന്തം പേരില്‍ കുറിച്ച സെമിഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയം കുറിച്ചത്. ആദ്യപകുതിയിൽ അർജന്റീന 2-0ന് മുന്നിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അര്‍ജന്റീനയ്ക്കായി ഹിഗ്വെയിന്‍ രണ്ടും മെസ്സി, ലെവോസി എന്നിവര്‍ ഓരോ ഗോളും നേടി. രണ്ടു ഗോളിന് വഴിയൊരുക്കിയും രണ്ടാം ഗോൾ നേടിയും സൂപ്പർ താരം മെസ്സി തന്നെ ഇത്തവണയും അർജന്റീനയുടെ താരമായി. ഇതോടെ, കോപ്പ ശതാബ്ദി ടൂർണമെന്റിൽ മെസ്സിയുടെ ഗോൾനേട്ടം അഞ്ചായി. 


രാജ്യത്തിനായുള്ള ഗോള്‍വേട്ടയില്‍ മെസ്സി മുന്‍ ഇതിഹാസ താരം ബാറ്റിസ്റ്റിയൂട്ടയെ ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. കോപ്പയിൽ അർജന്റീനയുടെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരായ ചിലിയോട് ഷൂട്ടൗട്ടിൽ തോറ്റ അർജന്റീന കിരീടം കൈവിടുകയായിരുന്നു. ഇത്തവണയും ചിലി വീണ്ടും സെമി ജയിച്ചു ഫൈനലില്‍ എത്തിയാല്‍ കഴിഞ്ഞ വർഷത്തെ മധുര പ്രതികാരത്തിന് നല്ല അവസരമാണുള്ളത്‌.


കളിതുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലെവോസി അര്‍ജന്റീനക്ക് വേണ്ടി ആദ്യഗോള്‍ നേടി. ആദ്യഗോളിന് വഴിയൊരുക്കിയ മെസ്സി ബോക്സിന് പുറത്തുനിന്ന് ഉയർത്തിവിട്ട പന്ത് മികച്ചൊരു ഹെഡറിലൂടെ ലവേസി വലയിലെത്തിച്ചു. മുപ്പത്തിരണ്ടാം മിനിറ്റില്‍ തന്‍റെ പേരില്‍ അഞ്ചു ഗോളും, റെക്കോര്‍ഡും സ്വന്തമാക്കി അർജന്റീനയുടെ രണ്ടാം ഗോൾ നേടി മെസ്സി തന്നെ വീണ്ടും താരമായി. അതും തകർപ്പനൊരു ഫ്രീകിക്കിലൂടെ. യുഎസ് പ്രതിരോധം കെട്ടിപ്പൊക്കിയ മതിലിന് മുകളിലൂടെ പറന്നുവന്ന മെസ്സിയുടെ പാദസ്പർശമേറ്റ പന്ത് പോസ്റ്റിലേക്ക് ഒഴുകിയിറങ്ങുമ്പോൾ യുഎസ് ഗോളി ഒരിക്കൽക്കൂടി നിഷ്പ്രഭനായി.


രണ്ടാം പകുതിയിൽ ഗോളുകൾ കണ്ടെത്താനുള്ള നിയോഗം ഗോൺസാലോ ഹിഗ്വയിനായിരുന്നു. അമ്പത്തിരണ്ടാം മിനിട്ടില്‍ ഹിഗ്വയിന്റെ വകയായിരുന്നു ഗോള്‍. എണ്‍പത്തിയാറാം മിനിട്ടില്‍ മെസ്സി നല്‍കിയ മനോഹരമായ പാസ്സലൂടെ ഹിഗ്വെയിന്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 


വ്യാഴാഴ്ച നടക്കുന്ന കൊളംബിയ-ചിലി മത്സരത്തിലെ വിജയി അര്‍ജന്റീനയെ ഫൈനലില്‍ നേരിടും. ജൂണ്‍ 27നാണ് ഫൈനല്‍.